തൊടുപുഴ: വെണ്മണി- വരിക്കമുത്തൻ റോഡിനോട് അധികൃതർക്കുള്ള അവഗണന പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും അവസാനമില്ല. കഞ്ഞിക്കുഴി- വണ്ണപ്പുറം പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിച്ച് അയ്യപ്പൻപാറ, പുളിക്കത്തൊട്ടി, ഊരക്കുരു, എടത്തിന, ഏണിത്താഴം, ആനക്കുഴി, പഞ്ചാലിക്കുളം, പട്ടയക്കുടി, വരിക്കമുത്തൻ എന്നിങ്ങനെയുള്ള പ്രദേശങ്ങളിലൂടെയാണ് ഈ റോഡ് കടന്നു പോകുന്നത്. ഇവിടെ നിന്ന് ആലപ്പുഴ- മധുര സംസ്ഥാന പാതയിലേക്കാണ് റോഡ് ചേരുന്നത്. നിരവധി ഗ്രാമങ്ങളിലൂടെ കടന്നുപോകുന്ന റോഡിന്റെ ദൂരം 11 കിലോമീറ്ററാണ്. റോഡു കടന്നു പോകുന്ന ഗ്രാമങ്ങളിൽ കൂടുതലും ഗോത്രവർഗക്കാരാണ് താമസിക്കുന്നത്. 2012ൽ ഇടുക്കി പാക്കേജിൽ ഉൾപ്പെടുത്തി റോഡ് നിർമ്മാണം ആരംഭിച്ചെങ്കിലും പാതി വഴിയിൽ സ്തംഭിച്ചു. മൺപണികൾ മാത്രമാണ് പൂർത്തീകരിച്ചത്. തുടർന്നാണ് പൊതുമരാമത്തു വകുപ്പ് ഏറ്റെടുത്തത്. പ്രധാന മന്ത്രി റോഡ് വികസന പദ്ധതിയിൽ (പി.എം.ജി.എസ്.വൈ) റോഡ് ഉൾപ്പെടുത്തിയെങ്കിലും തീരുമാനമായില്ല. കനത്ത മഴയിൽ മണ്ണ് കുത്തിയൊലിച്ച് വലിയ കിടങ്ങായതോടെ റോഡിലൂടെ കാൽനട യാത്ര പോലും ദുസഹമാണ്. എന്നാൽ ഇതൊന്നും അധികൃതരുടെ കണ്ണിൽപെടുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തതോടെ റോഡ് നന്നാക്കാൻ ത്രിതല പഞ്ചായത്തുകൾക്ക് കഴിയുന്നുമില്ല. തുടർന്ന് പ്രദേശത്തുള്ള രോഗികൾ, വിദ്യാർത്ഥികൾ, വാഹന യാത്രികർ ഉൾപ്പെടെയുള്ള യാത്രക്കാർ ഏറെ ദുരിതത്തിലുമാണ്.

റോഡ് നിർമ്മാണത്തിന് അനുമതി ലഭിച്ചിട്ടില്ല

പി.എം.ജി.എസ്.വൈയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും റോഡ് നിർമ്മാണത്തിനുള്ള അനുമതി ഇതുവരെ ലഭിച്ചിട്ടില്ലെന്ന് പി.എം.ജി.എസ്.വൈ റോഡ് വികസന പദ്ധതി ഉദ്യോഗസ്ഥർ പറയുന്നു. പി.എം.ജി.എസ് വൈ റോഡ് വികസന പദ്ധതിയിൽ മൺറോഡുകൾ ഏറ്റെടുക്കില്ലെന്നതിനാലും വെണ്മണി- വരിക്കമുത്തൻ റോഡിന് സാമാന്തരമായി മറ്റൊരു റോഡ് ഗൂഗിൾ മാപ്പിൽ കാണുന്നതും പദ്ധതിയുടെ തുടർ പ്രവർത്തികൾക്ക് തടസമാകുന്നുണ്ട്. സംസ്ഥാന സർക്കാർ, എം.പി എന്നിവർ നിരവധി തവണ പദ്ധതിയുടെ തുടർ നടപടികൾക്ക് വേണ്ടി ഇടപെടൽ നടത്തിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ ആനക്കുഴിയിൽ അവസാനിക്കുന്ന റോഡിന് ആറ് കോടിയിൽ താഴെയാണ് എസ്റ്റിമേറ്റ് തുക. എന്നാൽ ആദ്യഘട്ടത്തിന്റെ നിർമ്മാണത്തിന് അനുമതി കിട്ടാത്തതിനാൽ രണ്ടാം ഘട്ട എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടില്ല. അനുമതി കിട്ടിയാൽ ഉടൻ നിർമ്മാണം തുടങ്ങുമെന്നും അധികൃതർ അറിയിച്ചു.