മാങ്കുളം: പൈങ്ങോട്ടൂർ ശ്രീനാരായണഗുരു കോളേജ് ഒഫ് ആർട്‌സ് ആൻഡ് സയൻസിലെ സോഷ്യൽ വർക്ക് വിഭാഗം സംഘടിപ്പിച്ച പഞ്ചദിന റൂറൽ ക്യാമ്പ് സമാപിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. വിജി കെ. രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച സമാപന ചടങ്ങ് മാങ്കുളം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ജി. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മഹാത്മാഗാന്ധി സർവകലാശാല സെക്ഷൻ ഓഫീസർ ബാബു പള്ളിപാട്ട്, സോഷ്യൽ വർക്ക് വിഭാഗം മേധാവി നിതീഷ് കെ.വി, കോളേജ് പി.ആർ.ഒ എം.ബി. തിലകൻ എന്നിവർ സംസാരിച്ചു. പങ്കാളിത്ത അധിഷ്ഠിത ഗ്രാമ വിശകലനം, ബോധവത്കരണ ക്ലാസുകൾ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണം, ആദിവാസി മേഖലയിൽ കൊവിഡാനന്തര സർവേ, കുട്ടികൾക്കിടയിൽ പോഷകാഹാരത്തെ സംബന്ധിക്കുന്ന വിവരശേഖരണ സർവേ എന്നിവ സംഘടിപ്പിച്ചു. എമ്പതിലധികം നിർധനരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത്, കേരള വനം വകുപ്പ്, പ്രാഥമിക ആരോഗ്യ കേന്ദ്രം, പട്ടികവർഗ വികസന വിഭാഗം തുടങ്ങിയ സർക്കാർ സംവിധാനങ്ങളുടെ പൂർണ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തുന്നത്.