മൂന്നാർ: ദേവികുളം നിയോജകമണ്ഡലത്തിലെ ആറ് പഞ്ചായത്തുകളിലെയും ഹയർസെക്കൻഡറി സ്‌കൂളുകളിലെ ഹരിതകേരളം ജലഗുണനിലവാര പരിശോധന ലാബുകൾ ജനങ്ങൾക്ക് സമർപ്പിച്ചു. ദേവികുളം ഗവ. ട്രൈബൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ചടങ്ങിൽ ജലലാബുകളുടെ നിയോജകമണ്ഡലംതല ഉദ്ഘാടനം എ. രാജ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കവിത കുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ റാണി, പി.ടി.എ ഭാരവാഹികൾ, അദ്ധ്യാപകർ, ഹരിതകേരളം ആർ.പിമാർ എന്നിവർ പങ്കെടുത്തു. എസ്. രാജേന്ദ്രൻ എം.എൽ.എയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്ന് ഒമ്പത് ലക്ഷം രൂപ ചെലവിട്ടാണ് മണ്ഡലത്തിലെ ആറ് സ്‌കൂളുകളിൽ ജലഗുണ പരിശോധനാ സംവിധാനം ഒരുക്കിയത്. ദേവികുളം സ്‌കൂളിന് പുറമേ പള്ളിവാസൽ പഞ്ചായത്തിലെ കുഞ്ചിത്തണ്ണി ഗവ. എച്ച്.എസ്.എസ്, വെള്ളത്തൂവലിലെ ഗവ. എച്ച്.എസ്.എസ് വെള്ളത്തൂവൽ, ബൈസൺവാലിയിലെ ഗവ. എച്ച്.എസ്.എസ് ബൈസൺവാലി, മറയൂരിലെ ഗവ. എച്ച്.എസ്.എസ് മറയൂർ, അടിമാലിയിലെ ഗവ. എച്ച്.എസ്.എസ് എന്നിവിടങ്ങളിലാണ് ലാബുകൾ പ്രവർത്തന സജ്ജമായത്.