kumaramangalam
കുമാരമംഗലം പഞ്ചായത്തിലെ കുടുംബശ്രീ ഓഫീസ് മാറ്റാനുള്ല പഞ്ചായത്ത് കമ്മിറ്റി തീരുമാനത്തിൽ പ്രതിഷേധിച്ച് കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിൽ ഓഫീസിൽ നടന്ന ഉപരോധ സമരം

കുമാരമംഗലം: പഞ്ചായത്തിലെ കുടുംബശ്രീ ഓഫീസ് മാറ്റുന്നതുമായി ബന്ധപ്പെട്ട പഞ്ചായത്ത് കമ്മിറ്റി തീരുമാനത്തിൽ പ്രതിഷേധിച്ച് കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിൽ ഓഫീസിൽ ഉപരോധ സമരം നടത്തി. വർഷങ്ങളായി പ്രവർത്തിക്കുന്ന ഓഫീസ് മാറ്റാനുള്ള നീക്കം അംഗീകരിച്ച് തരില്ലെന്ന് കുടുംബശ്രീ പ്രവർത്തകർ പറഞ്ഞു. 2002ലാണ് കുമാരമംഗലം പഞ്ചായത്തിൽ കുടുംബശ്രീയുടെ പ്രവർത്തനം ആരംഭിച്ചത്. 2005 മുതൽ കുടുംബശ്രീ മിഷനിൽ നിന്ന് ലഭിച്ച ഫണ്ട് ഉപയോഗിച്ച് പഞ്ചായത്ത് ഓഫീസിന് സമീപമായി സ്വന്തമായ ഓഫീസ് കെട്ടിടം നിർമിച്ചാണ് കുടുംബശ്രീ പ്രവർത്തിക്കുന്നത്. എന്നാൽ കഴിഞ്ഞ ദിവസം കൂടിയ പഞ്ചായത്ത് ഭരണസമിതി കുടുംബശ്രീ ഓഫീസ് നിലവിലിരിക്കുന്ന കെട്ടിടത്തിൽ നിന്ന് പഞ്ചായത്ത് ഓഫീസിലെ രണ്ടാം നിലയിലേക്കും അവിടെ നിന്ന് വി.ഇ.ഒ ഓഫീസ് ഇപ്പോഴത്തെ കുടുംബശ്രീ കെട്ടിടത്തിലേക്കും പരസ്പരം മാറ്റി സ്ഥാപിക്കുന്നതിന് തീരുമാനമെടുത്തു. ഇതിന്റെ തുടർച്ചയായി വി.ഇ.ഒ ഓഫീസിലെ കസേര ഉൾപ്പെടെയുള്ള സാമഗ്രികൾ കുടുംബശ്രീ കെട്ടിടത്തിലേക്ക് എത്തിക്കുകയും ചെയ്തു. ഇതോടെയാണ് ഓഫീസ് മാറ്റാനുള്ള തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബശ്രീ പ്രവർത്തകർ ഉപരോധ സമരം നടത്തിയത്. സി.ഡി.എസ് ചെയർപേഴ്‌സൺ മിനി ജിജൻ, സി.ഡി.എസ് മെമ്പർമാരായ മേരി ജോസ് മാടവന, ജിൽസി വർഗീസ്, സതി രാജു, സുനിത ദേവസ്യ, ജിഷ ദാസ്, ലൈജു അംബുജാക്ഷൻ, ഷൈല അനിൽകുമാർ, റോസിലി ദേവസ്യ, നസീറ ബഷീർ, മിനി കെ.ആർ. ഷക്കീല എന്നിവർ ഉപരോധ സമരത്തിന് നേതൃത്വം നൽകി. സമരത്തിന് പിന്തുണയുമായി പഞ്ചായത്ത് ഭരണ സമിതിയിലെ എൽ.ഡി.എഫ് അംഗങ്ങളായ പി.എം. അലി, ജിന്റു ജേക്കബ്, ശരത് ബാബു, സുമേഷ് പാറച്ചാലിൽ എന്നിവരും ഉപരോധത്തിൽ പങ്കെടുത്തു.