 
 ദുരന്തം ഒഴിവായത് ഫയർഫോഴ്‌സിന്റെയും പൊലീസിന്റെയും സമയോചിത ഇടപെടലിൽ
കട്ടപ്പന: കെ.എസ്.ഇ.ബി ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ആഡിറ്റോറിയത്തിന്
തീപിടിച്ചു. ബുധനാഴ്ച വൈകിട്ട് നാല് മണിയോടെയാണ് ഇരട്ടയാർ റോഡിലുള്ള കൊച്ചുകുടിയിൽ ഓഡിറ്റോറിയത്തിനുള്ളിൽ ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് തീപിടിച്ചത്. വലിയ രീതിയിൽ പുക ഉയരുന്നത് കണ്ട സമീപത്തെ കെ.എസ്.ഇ.ബി ജീവനക്കാരാണ് വിവരം പൊലീസിലും ഫയർഫോഴ്‌സിലും അറിയിച്ചത്. ഉടൻ സ്ഥലത്തെത്തിയ ഫയർഫോഴ്‌സിന്റെയും പൊലീസിന്റെയും സമയോചിത ഇടപെടലിൽ വൻ അഗ്നിബാധ ഒഴിവായി. പത്ത് മിനിട്ടിനുള്ളിൽ തീ നിയന്ത്രണ വിധേയമാക്കി. ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് ആഡിറ്റോറിയത്തിനുള്ളിലെ കസേരകൾക്ക് തീ പിടിച്ചതാണ് വലിയ പുക ഉയരാൻ കാരണമായത്. തീപിടുത്തമുണ്ടായ ആഡിറ്റോറിയത്തിന് താഴെ പത്തോളം വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. തീ പടർന്നതറിഞ്ഞതോടെ പ്രദേശത്ത് നിരവധി ആളുകളും തടിച്ചുകൂടി. എത്ര രൂപയുടെ വസ്തുക്കൾ കത്തി നശിച്ചു എന്ന് ഇതുവരെ കണക്കാക്കിയിട്ടില്ല.