മുട്ടം: സ്വയംതൊഴിൽ മേഖലയിൽ സംരംഭകരാകാൻ താത്പര്യമുള്ളവർക്ക് സഹായവുമായി മുട്ടം ഗ്രാമപഞ്ചായത്ത്‌. സംരംഭകരാകാൻ താത്പര്യമുള്ളവരെ പ്രോത്സാഹിപ്പിക്കുക, ലക്ഷ്യസ്ഥാനത്തെത്താൻ അവരെ സഹായിക്കുക, സംരംഭകർ രൂപപ്പെടുത്തുന്ന പദ്ധതി സംരംഭം ആക്കി മാറ്റുന്നതിന് തുടർ സഹായം നൽകുക, നടപടിക്രമങ്ങൾ ലഘുകരിക്കുന്നതിന് സർക്കാരിന്റെ വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ നടത്തിപ്പിന് ഗ്രാമപഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാന പ്രകാരം പഞ്ചായത്തിന്റെ നേതൃത്വത്തിൽ "സംരംഭകത്വ പ്രോത്സാഹന സെൽ" രൂപീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ്‌ ഷൈജ ജോമോൻ (ചെയർമാൻ), ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. അരുൺ ചെറിയാൻ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മേഴ്സി ദേവസ്യ (കൺവീനർ), സെക്രട്ടറി ലൗജി എം. നായർ, ബ്ലോക്ക്‌ വ്യവസായ ഓഫീസർ രേഷ്മ ജി, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ ലീലാമ്മ ജോൺസൺ, എൽ.എസ്.ജി.ഡി പഞ്ചായത്ത് എൻജിനീയർ, തൊഴിലുറപ്പ് ഓവർസിയർ എന്നിവർ അംഗങ്ങളായിട്ടുള്ള കമ്മിറ്റിയാണ് സംരഭകത്വ സെല്ലിന് നേതൃത്വം നൽകുന്നത്. ജില്ലയിൽ ആദ്യമായി സംരംഭകത്വ സെൽ പ്രവർത്തനം ആരംഭിച്ചത് മുട്ടത്താണെന്ന് പഞ്ചായത്ത്‌ അധികൃതർ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9847977219.