 
തൊടുപുഴ: സഫായി കർമ്മചാരീസ് ദേശീയ കമ്മിഷനംഗം ഡോ. പി.പി. വാവ തൊടുപുഴ നഗരസഭ സന്ദർശിച്ചു. ശുചീകരണ തൊഴിലാളികൾക്കായി കേന്ദ്രഗവൺമെന്റ് ആവിഷ്‌കരിച്ച ക്ഷേമ പദ്ധതികളുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിലയിരുത്തൽ നടത്തുന്നതിന്റെ ഭാഗമായിരുന്നു സന്ദർശനം. ഇതോടനുബന്ധിച്ച് തൊടുപുഴ നഗരസഭാ കോൺഫറൻസ് ഹാളിൽ ശുചീകരണ തൊഴിലാളികളുടെ യോഗത്തിൽ പങ്കെടുത്ത അദ്ദേഹം സഫായി കർമ്മചാരീസ് കമ്മിഷന്റെ പ്രവർത്തനങ്ങളും ശുചീകരണ തൊഴിലാളികളുടെ അവകാശങ്ങളെക്കുറിച്ചും വിവിധ പദ്ധതികളെക്കുറിച്ചും വിശദീകരിച്ചു.
തൊഴിലാളികളുമായി നേരിട്ട് സംവദിച്ച ശേഷം വിവിധ തലങ്ങളിൽ ജോലി ചെയ്ത ശേഷം റിട്ടയർ ചെയ്യുന്ന ശുചീകരണ തൊഴിലാളികളെ പുനരധിവസിപ്പിക്കൽ, ബാങ്ക് വായ്പ ഉൾപ്പെടെയുള്ള സഹായം ലഭ്യമാക്കൽ, സബ്‌സിഡിയോടു കൂടി സാമ്പത്തിക സഹായം അനുവദിക്കൽ തുടങ്ങി നിലവിലുള്ള തൊഴിലാളികൾക്കും ജോലിയിൽ നിന്ന് പിരിഞ്ഞവർക്കുമായി സർക്കാർ ആവിഷ്‌കരിച്ചിരിക്കുന്ന പദ്ധതികളെക്കുറിച്ചും കമ്മീഷനംഗം സംസാരിച്ചു. നഗരസഭാ ചെയർമാൻ സനീഷ് ജോർജ് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ കൗൺസിലർമാരായ കെ. ദീപക്, ജോസഫ് ജോൺ, ജോസ് മഠത്തിൽ, സഫിയ ജബ്ബാർ, ജെസി ആന്റണി, ബിന്ദു പദ്മകുമാർ, ടി.എസ്. രാജൻ, ഹരിതകേരളം മിഷൻ ജില്ലാ കോഡിനേറ്റർ ഡോ. എസ്. മധു, ശുചിത്വമിഷൻ ജില്ലാ കോഡിനേറ്റർ ജസീർ.പി.വി., തൊടുപുഴ നഗരസഭാ സെക്രട്ടറി ബിജു മോൻ ജേക്കബ്ബ് എന്നിവർ പങ്കെടുത്തു. ഇന്ന് ഉച്ചയ്ക്ക് 12ന് ജില്ലാ ആസ്ഥാനത്തെത്തുന്ന ഡോ. പി.പി. വാവ, ജില്ലാ കളക്ടർ, ജില്ലാ പൊലീസ് മേധാവി ഉൾപ്പെടെ വിവിധ വകുപ്പ് മേധാവികളുടെ യോഗത്തിൽ സംസാരിക്കും. വൈകിട്ട് നാലിന് മാധ്യമങ്ങളെ കാണും. ജില്ലയിലെ ത്രിദിന സന്ദർശനത്തിനു ശേഷം വെള്ളിയാഴ്ച അദ്ദേഹം മടങ്ങും.