തൊടുപുഴ: ജില്ലയിൽ മൂന്നിന് ആരംഭിക്കുന്ന കുട്ടികൾക്കുള്ള കോവിഡ് പ്രതിരോധ കുത്തിവെപ്പ് നൽകേണ്ടത് 15നും 18നും ഇടയിലുള്ല 51,000 കുട്ടികൾക്കെന്ന് ആരോഗ്യവകുപ്പിന്റെ കണക്ക്. നിശ്ചിത ദിവസങ്ങളിൽ കുട്ടികൾക്ക് മാത്രമായി വാക്‌സിനേഷൻ കേന്ദ്രങ്ങൾ പ്രവർത്തിക്കും. ഓരോ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെയും സമീപമുള്ള സ്‌കൂളുകളുടെയും അവിടെയുള്ള കുട്ടികളുടെയും വിവര ശേഖരണം ആരോഗ്യ വകുപ്പ് ഇതിന്റെ ഭാഗമായി പൂർത്തിയാക്കി വരികയാണ്. ഇവരെ സെന്റുകളിലെത്തിച്ച് വാക്‌സിനേഷനെടുക്കാൻ നടപടി സ്വീകരിക്കും. ഇടമലക്കുടി പോലെയുള്ള വിദൂര ആദവാസി മേഖലയിലെ കുട്ടികളുടെ വിവരം ശേഖരിച്ച് അവർ പഠിക്കുന്ന സ്‌കുളുകളുമായി ബന്ധപ്പെട്ടാകും വാക്‌സിനേഷൻ നൽകുക. കുടിയിലെ കുട്ടികൾ പലരും മറ്റിടങ്ങളിൽ പഠിക്കുന്ന സാഹചര്യത്തിലാണിത്. വാകസിനെടുക്കാനുള്ള കുട്ടികളുടെ രജിസ്‌ട്രേഷൻ നടപടികളും ഉടൻ ആരംഭിക്കും. ആകെ കുട്ടികൾ, സ്‌കൂളുകൾ, ഇവിടങ്ങൾ കേന്ദ്രീകരിച്ചുള്ള ഹെൽത്ത് സെന്ററുകൾ എന്നിവരുടെ വിവരങ്ങളാണ് ശേഖരിക്കുന്നത്. നിലവിൽ 60 വാക്സിനേഷൻ സെന്ററുകളാണ് ജില്ലയിലുള്ളത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി നിയോഗിച്ച കൊവിഡ് ബ്രിഗേഡ്‌സടക്കമുള്ളവരെ കാലാവധി കഴിഞ്ഞതിനെ തുടർന്ന് പിരിച്ചുവിട്ട സാഹചര്യത്തിൽ ജീവനക്കാരുടെ അഭാവം ഇതിനോടകം വാകിസിനേഷൻ നടപടികൾക്ക് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. ജീവനക്കാരുടെ കുറവ് മൂലം പല സെന്ററുകളും നിർത്തിയിട്ടുണ്ട്. നിലവിൽ ആരോഗ്യ വകുപ്പ് ജീവനക്കാരെ ഉപയോഗിച്ചാണ് വാക്‌സിനേഷടക്കം നടത്തുന്നത്. ഇത് ജീവനക്കാർക്ക് ജോലി ഭാരവും സൃഷ്ടിക്കുന്നുണ്ട്.
'ജില്ലയിൽ കുട്ടികൾക്കുള്ള കോവിഡ് പ്രതിരോധ കുത്തിവെപ്പിനുള്ള സജ്ജീകരണങ്ങളെല്ലാം പൂർത്തിയായി. എത്രയും വേഗം കുട്ടികളുടെ കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ് പൂർത്തിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തനങ്ങൾ ജില്ലയിൽ നടന്നുകൊണ്ടിരിക്കുന്നത്."
-ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ്
ആദ്യ ബൂസ്റ്റർ ഡോസ് റെഡി
പത്ത് മുതൽ ജില്ലയിൽ 33,000 പേർക്ക് ആദ്യ ഘട്ട ബൂസ്റ്റർ ഡോസ് നൽകും. ആരോഗ്യ പ്രവർത്തകർക്കും മുന്നണിപ്പോരാളികൾക്കും 60 കഴിഞ്ഞ, മറ്റ് രോഗമുള്ളവർക്കുമാണ് ബൂസ്റ്റർ ഡോസ് നൽകുന്നത്.
രാത്രികാല നിയന്ത്രണങ്ങൾ ഇന്ന് മുതൽ
കൊവിഡ്- 19 വൈറസിന്റെ ഒമിക്രോൺ വകഭേദ വ്യാപന സാധ്യത മുൻനിർത്തി കർശന നിയന്ത്രണങ്ങളേർപ്പെടുത്തി ജില്ലാ ദുരന്തനിവാരണ അതോറിട്ടി ചെയർപേഴ്‌സൺ കൂടിയായ ജില്ലാ കളക്ടർ ഷീബാ ജോർജ് ഉത്തരവിട്ടു. ഇന്ന് മുതൽ ജനുവരി രണ്ട് വരെ രാത്രി 10 മുതൽ രാവിലെ അഞ്ച് വരെ രാത്രി കാല നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ആൾക്കൂട്ടം, രോഗ വ്യാപനത്തിനിടയാക്കുമെന്നതിനാൽ പുതുവത്സരാഘോഷങ്ങൾ രാത്രി 10 ന് ശേഷം അനുവദിക്കില്ല. ഒമിക്രോൺ വകഭേദം, അടച്ചിട്ട സ്ഥലങ്ങളിൽ കൂടുതൽ വേഗത്തിൽ പടരാൻ സാധ്യതയുള്ളതിനാൽ ആവശ്യമായ വായുസഞ്ചാരം ഉറപ്പാക്കിയും കൃത്യമായ സാമൂഹിക അകലം പാലിച്ചും മാത്രമേ ഇൻഡോർ പരിപാടികൾ നടത്താൻ പാടുള്ളൂ. ബാറുകൾ, ക്ലബ്ബുകൾ, ഹോട്ടലുകൾ, ഭക്ഷണശാലകൾ, തിയേറ്ററുകൾ എന്നിവിടങ്ങളിലെ സിറ്റിങ് കപ്പാസിറ്റി 50 ശതമാനമായി തുടരും.