പുതിയ ഭരണ സമിതികൾ ചുമതല ഏറ്റെടുത്ത് ഒരു വർഷം പിന്നിടുമ്പോൾ വികസനത്തിന്റെ മണി മുഴക്കവുമായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ പുതിയ പദ്ധതികളുമായി വികസനരംഗത്ത് മുന്നേറുകയാണ്. അതേക്കുറിച്ചുള്ള പുതിയ പദ്ധതി ഇന്ന് മുതൽ
തൊടുപുഴ: ജില്ലയിലെ പ്രധാന നഗരമായ തൊടുപുഴ ഈ പുതുവർഷത്തിൽ മാലിന്യ മുക്ത നഗരമാകും. പുതുവത്സര സമ്മാനമായി പദ്ധതി യാഥാർത്ഥ്യമാക്കുകയാണ് ലക്ഷ്യം. സ്വകാര്യ എജൻസിയുമായി നഗരസഭ ഇതുസംബന്ധിച്ച് കരാർ ഒപ്പിട്ടു. എല്ലാ വീടുകളിലും റിംഗ്, ബക്കറ്റ് കമ്പോസ്റ്റുകൾ സ്ഥാപിക്കും. കുപ്പി ചില്ല്, പഴയ ട്യൂബ്, തുണി, ചെരിപ്പ് എന്നിവ രണ്ടാഴ്ചക്കുള്ളിൽ ശേഖരിക്കും. കാഞ്ഞിരമറ്റത്തെ പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റിൽ എത്തിക്കുന്ന മാലിന്യങ്ങൾ പത്തനംതിട്ടയിലെ എജൻസിയ്ക്ക് കൈമാറും. നഗരസഭയുടെ മത്സ്യ മാർക്കറ്റിൽ ആധുനിക രീതിയിൽ സ്ലോട്ടർ ഹൗസ് സ്ഥാപിക്കും. കിഫ്ബിയുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.
വരും ഷോപ്പിംഗ് കോംപ്ലക്സ്
നഗരസഭയിൽ പുതിയ മുനിസിപ്പൽ ഷോപ്പിംഗ് കോംപ്ലക്സിനുള്ള നടപടികളും പുരോഗമിക്കുകയാണ്. കാഞ്ഞിരമറ്റം ജംഗ്ഷനിൽ നിന്ന് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് ഒഴിയുന്ന മുറയ്ക്ക് ഇവിടെ സ്ഥാപിക്കും. ഗാന്ധി സ്ക്വയറിലെ മുനിസിപ്പൽ ഷോപ്പിംഗ് കോംപ്ലക്സ് പൊളിച്ച് പണിയുന്നതും ആലോചനയിലാണ്.
ഹെൽത്ത് സ്ക്വാഡ്
പുതുവത്സരം മുതൽ മാലിന്യങ്ങൾ വലിച്ചെറിയുന്നത് തടയാൻ ഹെൽത്ത് സ്ക്വാഡ് പ്രവർത്തനം ശക്തമാക്കും. രാത്രി കാലങ്ങളിൽ ക്യാമറകൾ ഇല്ലാത്ത ടൗണിന് പുറത്തുള്ള മേഖലകളിലാണ് പരിശോധന നടത്തുക. ഇതിന് പുതിയ വാഹനവും സജ്ജമാക്കിട്ടുണ്ട്. കുന്നംകുളം മോഡലിൽ പാറക്കടവിൽ മാലിന്യ സംസ്കരണ പ്ലാൻറ് നിർമ്മിക്കും.
ഹെൽത്ത് സെന്ററുകൾ
നഗരസഭയിൽ ഹെൽത്ത് സെന്ററുകൾ ഇല്ലാത്ത മേഖലകളിൽ പുതിയ ഹെൽത്ത് സെന്ററുകൾ സ്ഥാപിക്കും. നിലവിലുള്ള ഹെൽത്ത് സെന്ററുകൾ പി.എച്ച്.സി നിലവാരത്തിലേക്ക് ഉയർത്താൻ നടപടികൾ പുരോഗമിക്കുകയാണ്.
ക്ഷീരകർഷകർക്ക് പദ്ധതി
നഗരസഭയിലെ ക്ഷീരകർഷകർക്ക് ആവശ്യമായ പുതിയ പദ്ധതികൾ തയ്യാറാക്കും. പാൽ അളക്കുന്നതിന് മുതലക്കോടത്ത് സൊസൈറ്റി ആരംഭിക്കാൻ നടപടി നടന്നു വരുന്നു. നാനൂറിൽപരം ക്ഷീരകർഷകർക്ക് ജനകീയാസുത്രണ പദ്ധതിയിൽ കാലിതീറ്റ വിതരണം നടത്തുന്നുണ്ട്.
'വളരുന്ന തൊടുപുഴ വീർപ്പുമുട്ടുന്ന നഗരമാകാതിരിക്കാൻ കഴിഞ്ഞ കാലഘട്ടത്തിൽ തയ്യാറാക്കിയ മാസ്റ്റർപ്ലാൻ ജനങ്ങളുടെ അഭിപ്രായം മാനിച്ച് ഭേദഗതികളോടെ നടപ്പാക്കും.വ്യാപാരികളടക്കം എല്ലാ മേഖലയിലുള്ളവരുമായും ആലോചിച്ച് മറ്റ് നഗരങ്ങളിലേതു പോലെ വികസന പ്രവർത്തനങ്ങൾ കൊണ്ടുവരും."
-സനീഷ് ജോർജ്ജ് (തൊടുപുഴ നഗരസഭാ ചെയർമാൻ)
97 ശതമാനം തുക ചെലവഴിച്ചു
ഭരണസമിതി ചുമതല ഏറ്റെടുത്ത ശേഷം ആദ്യ മൂന്ന് മാസം കൊണ്ട് 97 ശതമാനം തുക ചെലവഴിച്ചു. വിവിധ റോഡുകൾ, സർക്കാർ സ്കുളുകൾ, അംഗൻവാടി എന്നിവയുടെ പണികളാണ് നടത്തിയത്. ടൗൺ ഹാളിന് സമീപം കംഫർട്ട് സ്റ്റേഷൻെറ് പണികൾ പുരേഗമിക്കുന്നു. കോതായികുന്ന് കംഫർട്ട് സ്റ്റേഷൻ, മുനിസിപ്പൽ പാർക്ക് നിർമ്മാണം എന്നിവ അവസാന ഘട്ടത്തിലാണ്. കമ്മ്യൂണിറ്റി കീച്ചനിലൂടെ ദിവസവും 300 രോഗികൾക്ക് ഭക്ഷണം നൽകി. രോഗികളെ കൊണ്ടുവരാൻ ആറ് വാഹനങ്ങൾ ഏർപ്പെടുത്തി. പി.എം.എ.വൈ പദ്ധതിയിൽ 120 വീടുകളുടെ പണികൾ നടന്നുവരുന്നു.