ഇടുക്കി: മലയോരജനതയ്ക്ക് ഒരുപാട് ദുഃഖങ്ങളും അൽപ്പം സന്തോഷവും വലിയ പ്രതീക്ഷയും സമ്മാനിച്ചാണ് 2021 ഗുഡ്‌ബൈ പറയുന്നത്. അക്ഷരാർത്ഥത്തിൽ 2020ന്റെ തുടർച്ചയായിരുന്നു 2021. കൊവിഡ് മഹാമാരി എല്ലാ രൗദ്രഭാവവും പൂണ്ട് ജീവനുകളെടുത്ത വർഷം കൂടിയാണ് കടന്നുപോകുന്നത്. അതുമൂലം വന്ന ലോക്ക് ഡൗൺ സർവമേഖലകളിലെയും ജനങ്ങളുടെ ജീവിതം ദുരിതപൂർണമാക്കി. മുൻ വർഷങ്ങളിലെന്ന പോലെ പ്രളയസമാനമായ മഴയിൽ ഇത്തവണയും കിടുങ്ങി. ചരിത്രത്തിലൊരിക്കലുമില്ലാത്ത പോലെ ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകൾ പലയാവർത്തി തുറന്നടഞ്ഞു. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ അപകടാവസ്ഥയും പെരിയാർ തീരത്തെ ജനങ്ങളുടെ ദുരിതവും വീണ്ടും ചർച്ചയായി. ശിശുരോധനങ്ങൾക്ക് അറുതിയില്ലാത്ത വർഷം കൂടിയായിരുന്നു ഇത്. ഇടുക്കിയുടെ പ്രിയ പുത്രനായ പി.ടി. തോമസിന്റെ അപ്രതീക്ഷിതമരണം വലിയ വേദനയായി അവശേഷിപ്പിച്ചാണ് 2021 വിടപറയുന്നത്.
തരംഗത്തിൽ ഉലഞ്ഞു
ഏപ്രിൽ മാസത്തിൽ ആഞ്ഞടിച്ച കൊവിഡ് രണ്ടാം തരംഗവും ഇതിന് പിന്നാലെയെത്തിയ ലോക്ക് ഡൗണും നിരവധിപ്പേരുടെ ജീവിതമാണ് ദുരിതപൂർണമാക്കിയത്. പടർന്ന് പിടിച്ച രോഗബാധയിൽ ജില്ലയിൽ അഞ്ഞൂറിലേറെ ജീവനുകളാണ് പൊലിഞ്ഞത്. ഒരു ഘട്ടത്തിൽ വേണ്ടത്ര ഐ.സി.യു, വെന്റിലേറ്റർ സൗകര്യമില്ലാത്ത സ്ഥിതിയുണ്ടായി. ഒന്നാംലോക്ക് ഡൗണിൽ തകർന്ന ടൂറിസം, വ്യവസായം, കാർഷിക മേഖലകൾ രണ്ടാം അടച്ചുപൂട്ടലിൽ കടക്കെണിയിലായി. വ്യാപാരികളടക്കം നിരവധി പേർ ജീവിതം വഴിമുട്ടി ആത്മഹത്യ ചെയ്തു.
പ്രളയസമാന സാഹചര്യം
ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഇടുക്കിയുടെ ശാപമാണ്. 2021ലും അതിൽ നിന്ന് മോചനമുണ്ടായില്ല. ഒക്‌ടോബർ 16ന് ആർത്തിരമ്പിയെത്തിയ ഉരുൾ പീരുമേട് കൊക്കയാറിൽ കവർന്നത് എട്ട് ജീവനുകളാണ്. പ്രളയ മഴയിൽ പീരുമേട് താലൂക്കിൽ 774 വീടുകളാണ് തകർന്നത്. കൊക്കയാർ, പെരുവന്താനം മേഖലകളിലുണ്ടായ വലുതും ചെറുതുമായ ഉരുൾപൊട്ടലിൽ 183 വീടുകൾ പൂർണമായും 591 എണ്ണം ഭാഗികമായി തകർന്നു. മേഖലയിൽ ചെറുതും വലുതുമായ 49 ഓളം പാലങ്ങളാണ് മഹാപ്രളയത്തിൽ ഒഴുകിപ്പോയത്. കോട്ടയം ഇടുക്കി ജില്ലകളുമായി ബന്ധിപ്പിക്കുന്ന ഏന്തയാർ വലിയ പാലം, കൊക്കയാർ പാലം തുടങ്ങിയവ തകർന്നതോടെ പത്തോളം ഗ്രാമപ്രദേശങ്ങൾ ഒറ്റപ്പെട്ടു. അപ്രതീക്ഷിതമായുണ്ടായ വെള്ളപ്പാച്ചിലിൽ മൂലമറ്റം മേഖലയും വെള്ളത്തിനടിയിലായത് ഒക്ടോബർ രണ്ടാം വാരത്തിലാണ്. മൂലമറ്റത്തിന് സമീപം മൂന്നുങ്ക വയലിൽ മലവെള്ളപ്പാച്ചിലിൽ അകപ്പെട്ട് വിനോദ സഞ്ചാരികളായ കൂത്താട്ടുകുളം സ്വദേശികളായ യുവാവും യുവതിയും മരിച്ചതും വേദനയായി.
ഷട്ടർ തുറക്കൽ മഹാമഹം
കടയുടെ ഷട്ടറുകൾ തുറക്കുന്ന പോലെ ഇടുക്കി മുല്ലപ്പരിയാർ അണക്കെട്ടുകൾ നിരവധി തവണ അടച്ചും തുറന്നും വെള്ളമൊഴുക്കിയ വർഷമായിരുന്നുവിത്. മുല്ലപ്പെരിയാർ ഡാമിൽ നിന്ന് മുന്നറിയിപ്പ് ഇല്ലാതെ രാത്രിയിൽ തമിഴ്‌നാട് വെള്ളം തുറന്ന് വിട്ടത് പെരിയാർ തീരപ്രദേശത്തെ പലവട്ടം വെള്ളത്തിലാക്കി. ദിവസങ്ങളോളം ജലനിരപ്പ് 142ൽ തമിഴ്‌നാട് നിറുത്തി കേരളത്തെ വെല്ലുവിളിച്ചു. ഇടുക്കിയിൽ 2402 അടിയിൽ വരെ ജലനിരപ്പ് എത്തിയ സാഹചര്യമുണ്ടായി.
കൊലയ്ക്ക് അറുതിയില്ല
നിഷ്ഠൂര കൊലപാതകങ്ങൾക്ക് കുപ്രസിദ്ധിയാർജിച്ച ഇടുക്കിയും ഈ വർഷം ഒട്ടും മോശമാക്കിയില്ല. അടിമാലി മേഖലയിൽ മാത്രം വ്യത്യസ്തസംഭവങ്ങളിലായി അരഡസനോളം കൊലപാതകങ്ങളാണ് 2021ൽ അരങ്ങേറിയത്. കഴിഞ്ഞ മാർച്ച് ഏഴിന് മൂന്നാറിനു സമീപം കുരിശുപാറയിൽ തനിച്ചു താമസിച്ചിരുന്ന അറയ്ക്കൽ ഗോപി (68)യെ കൊലപ്പെടുത്തിയ സംഭവം പ്രദേശവാസികളെ നടുക്കി. തുടർ അന്വേഷണത്തിൽ മൂന്നാഴ്ചക്കുള്ളിൽ ഒഡീഷ റത്തിൻഗീയ അൻസു സ്ട്രീറ്റിൽ
മനേഷിന്റെ മകൻ രാജ്കുമാറിനെ (40) അറസ്റ്റ് ചെയ്തു. ഏപ്രിൽ 21നാണ് മാങ്കുളത്ത് വാക്കു തർക്കത്തിനിടെ സുഹൃത്തിന്റെ ക്രൂരമർദനത്തിന് ഇരയായി ചികിത്സയിലായിരുന്ന ഹോട്ടൽ തൊഴിലാളി മരിച്ചത്. മാങ്കുളം ആനക്കുളം ഓസം റസ്റ്റോറന്റിൽ പാചക തൊഴിലാളിയായിരുന്ന കോട്ടയം പനച്ചിക്കാട് വാതുക്കാട്ടിൽ ജോയിയാണ് (61) കൊല്ലപ്പെട്ടത്. ആനക്കുളം സ്വദേശി പുനംകുടിപുത്തൻവീട് വിനോദ് (വിനു 35) പിടിയിലായി. ജൂലൈ 27നാണ് മാങ്കുളത്ത് ദമ്പതികളെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആനക്കുളം നെടുംപാലപ്പുഴ ജോസ് (58), ഭാര്യ സെലിൻ (55) എന്നിവരാണ് മരിച്ചത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ജോസ് ജീവനൊടുക്കുകയായിരുന്നു. യുവതിയെ കാമുകന്റെ അടുക്കളയിൽ കൊന്നു കുഴിച്ചുമൂടിയ സംഭവവും ഞെട്ടിച്ചു. കൊച്ചുകാമാക്ഷി സ്വദേശിനി വലിയപറമ്പിൽ സിന്ധുവിന്റെ (45) മൃതദേഹമാണ് പണിക്കൻകുടി മാണിക്കുന്നേൽ ബിനോയിയുടെ അടുക്കളയിൽ കുഴിച്ച് മൂടിയ നിലയിൽ കണ്ടെത്തിയത്. ഉറങ്ങിക്കിടന്ന ആറു വയസുള്ള കുഞ്ഞിനെ ബന്ധു തലയിൽ ചുറ്റികക്കടിച്ച് ദാരുണമായി കൊലപെടുത്തിയ സംഭവം നടന്നത് മൂന്നാറിനു സമീപം ആനച്ചാൽ ആമകണ്ടത്താണ്. അമ്മക്കും മുത്തശിക്കും മാരകമായി പരിക്കേറ്റു. 15 കാരി സഹോദരി രക്ഷപ്പെട്ടു. റിയാസ്‌സഫിയ ദമ്പതികളുടെ മകൻ അബ്ദുൾ ഫത്താഖ് റെയ്ഹാനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ വണ്ടിപ്പെരിയാർ മ്ലാമല സ്വദേശി സുനിൽകുമാർ (ഷാൻ 46) പിടിയിലായി. സംഘം ചേർന്ന് മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ മാങ്കുളത്ത് മധ്യവയസ്‌കനെ ഷോക്കപ്‌സർ ഉപയോഗിച്ച് കൊലപ്പെടുത്തി. മാങ്കുളം കുവൈറ്റ്‌സിറ്റി സ്വദേശിയായ വരിക്കയിൽ റോയിയാണ് (55) കൊല്ലപ്പെട്ടത്. മാങ്കുളം കുവൈറ്റ്‌സിറ്റി സ്വദേശി ബിബിൻ വിത്സനെ (31) ആണ് മൂന്നാർ പോലീസ് അറസ്റ്റ് ചെയ്തു.
ഏപ്രിൽ എട്ടിന് പുലർച്ചെയാണ് കൊച്ചുതോവാള കൊച്ചുപുരയ്ക്കൽ ജോർജിന്റെ ഭാര്യ ചിന്നമ്മയെ (65) മുറിയിൽ ദൂരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടത്തിൽ കൊലപാതകമാണ് എന്ന് തെളിഞ്ഞതോടെയാണ് ചിന്നമ്മക്കേസ് വിവാദത്തിലേക്ക് നീങ്ങുന്നത്. എന്നാൽ കേസിൽ വ്യക്തമായ തെളിവ് കണ്ടെത്താൻ ലോക്കൽ പോലീസിനു കഴിയാതെ വന്നതോടെ ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഏപ്രിൽ എട്ടിന് പുലർച്ചെയാണ് കൊച്ചുതോവാള കൊച്ചുപുരയ്ക്കൽ ജോർജിന്റെ ഭാര്യ ചിന്നമ്മയെ (65) മുറിയിൽ ദൂരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടത്തിൽ കൊലപാതകമാണ് എന്ന് തെളിഞ്ഞതോടെയാണ് ചിന്നമ്മക്കേസ് വിവാദത്തിലേക്ക് നീങ്ങുന്നത്. എന്നാൽ കേസിൽ വ്യക്തമായ തെളിവ് കണ്ടെത്താൻ ലോക്കൽ പൊലീസിനു കഴിയാതെ വന്നതോടെ ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
നോവായി ആറ് വയസുകാരി
മലയാളിയെ ഒന്നാകെ കണ്ണീരണിയിച്ച സംഭവമായിരുന്നു വണ്ടിപ്പെരിയാറ്റിലെ ആറ് വയസുകാരിയുടെ കൊലപാതകം. ചുരക്കുളം എസ്‌റ്റേറ്റ് ലയത്തിലാണ് ജൂൺ 30ന് ആറ് വയസുകാരിയെ ലയത്തിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നായിരുന്നു ആദ്യം കരുതിയത്. പോസ്റ്റ് മോർട്ടത്തിൽ കുട്ടി പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തി. തുടർന്ന് അയൽവാസി അർജുൻ പിടിയിലായി. മിഠായി നൽകി ഇയാൾ കുട്ടിയെ നിരന്തരം പീഡിപ്പിച്ചിരുന്നതായി ചോദ്യം ചെയ്യലിൽ കണ്ടെത്തി. പീഡനത്തിനിടെ ബോധം മറഞ്ഞ കുട്ടിയെ കെട്ടിത്തൂക്കിയ ശേഷം രക്ഷപെടുകയായിരുന്നെന്നാണ് പ്രതിയുടെ മൊഴി.
പി.ടിക്ക് വിട
ഇടുക്കിയുടെ എക്കാലത്തെയും മികച്ച രാഷ്ട്രീയ നേതാവായ പി.ടി. തോമസിന്റെ വിയോഗം കേരളമൊന്നാകെ നൊമ്പരത്തിലാഴ്ത്തി. പി.ടിയുടെ മൃതദേഹവും വഹിച്ചുള്ള വിലാപ യാത്ര ഇടുക്കിയിൽ വൈകാരികമായ രംഗങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്.
സ്വപ്നമായി എയർസ്ട്രിപ്പ്
ഇടുക്കിയിൽ വിമാനം പറന്നിറങ്ങുന്നത് കാണാൻ 2021ൽ ഭാഗ്യമുണ്ടായില്ല. വണ്ടിപ്പെരിയാർ സത്രം എൻ.സി.സി എയർസ്ട്രിപ്പ് കേരളപ്പിറവി ദിനത്തിൽ മുഖ്യമന്ത്രിയെ കൊണ്ട് പദ്ധതിയുടെ ഉദ്ഘാടനം നടത്താനായിരുന്നു തീരുമാനം. എന്നാൽ വനം വകുപ്പുമായി ഉണ്ടായ ഭൂമിതർക്കമാണ് പദ്ധതിക്ക് തടസമായി.
വേദനയായി ആ യുവാക്കൾ
പുറപ്പുഴയിലെ ഒരേ കുടുംബത്തിലെ നാല് യുവാക്കൾ വാഹനാപകടത്തിൽ മരിച്ചത് 2021ന്റെ മറ്റൊരു നൊമ്പരമായി. ആഗസ്റ്റ് 30ന് തൃക്കളത്തൂരിലായിരുന്നു നാടിനെ നടുക്കിയ അപകടം. പുറപ്പുഴ കുന്നേൽ ബാബുവിന്റെയും രജനിയുടേയും മക്കളായ വിഷ്ണു (25), അരുൺ (22), രജനിയുടെ സഹോദരി സജിനിയുടെയും മുക്കിലിക്കാട്ട് രാജേന്ദ്രൻ പിള്ളയുടെയും മക്കളായ ആദിത്യൻ (23), അമർനാഥ് എന്നിവരാണ് മരിച്ചത്.
'കൈയ്ക്ക്' തിരിച്ചടിയേറ്റ വർഷം
നിയമസഭാ തിരഞ്ഞെടുപ്പിൽ ആകെയുള്ള അഞ്ചു മണ്ഡലങ്ങളിൽ തൊടുപുഴയൊഴിച്ച് യു.ഡി.എഫിന് ബാക്കിയെല്ലാം നഷ്ടമായി. തുടർച്ചയായ അഞ്ചാം തവണയും ഇടുക്കിയിലെ ജനങ്ങൾ കൈപിടിച്ചുയർത്തിയ റോഷി അഗസ്റ്റിൻ ജലവിഭവ വകുപ്പ് മന്ത്രിയായി സ്ഥാനമേറ്റതും ചരിത്രം. മികച്ച ഭൂരിപക്ഷത്തിൽ ഉടുമ്പൻചോല നിയോജക മണ്ഡലത്തിൽ നിന്നും എം.എം. മണി നിയമസഭയിലേക്ക് രണ്ടാം വട്ടവും തിരഞ്ഞെടുക്കപെട്ടു. എന്നാൽ മന്ത്രി സ്ഥാനം ലഭിക്കാതിരുന്നത് വിമർശനങ്ങൾക്ക് കാരണമായി.