കട്ടപ്പന: വെള്ളയാംകുടി സ്വദേശിയുടെ വീട്ടിൽ നിന്ന് മൂന്നര പവൻ സ്വർണാഭരണങ്ങളും പണവും മോഷ്ടിച്ച ബന്ധുവായ കൗമാരക്കാരനെയും മോഷണ മുതൽ വിൽക്കാൻ സഹായിച്ച സുഹൃത്തുക്കളെയും കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തു. വാഴവര കവുന്തി സ്വദേശിയായ പതിനേഴ്കാരൻ, സുഹൃത്തുക്കളായ നാരകക്കാനം മുതിയേടത്തുകുഴിയിൽ പ്രിൻസ് ജോയ് (22), നാലുമുക്ക് കാഞ്ഞിരത്തുങ്കൽ ശരത് സാബു (19), കടമാക്കുഴി കാവാട്ടുപാറ നന്ദു സുരേഷ് (19) എന്നിവരെയാണ് ബുധനാഴ്ച പിടികൂടിയത്. മോഷണം നടന്ന വീട്ടിൽ സ്ഥാപിച്ച സി.സി ടി.വിയിലെ ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്. വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന അയ്യായിരം രൂപ കാണാതായതിനെ തുടർന്ന് കവുന്തി സ്വദേശി പൊലീസിൽ പരാതി നൽകിയിരുന്നു. പിന്നീട് സ്വർണ്ണ മോതിരവും നഷ്ടപ്പെട്ടു. തുടർന്ന് പൊലീസ് നിർദ്ദേശപ്രകാരം വീടിന് ചുറ്റും ക്യാമറകൾ സ്ഥാപിച്ചു. ഇതിന്‌ ശേഷമാണ് സ്വർണമാല നഷ്ടപ്പെട്ടത്. തുടർന്നാണ് പതിനേഴ്കാരൻ ക്യാമറയിൽ കുടുങ്ങിയത്. മോഷ്ടിച്ച സ്വർണ്ണാഭരണങ്ങൾ വിൽക്കാൻ സഹായിച്ചതിനാണ് മൂന്ന് സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്തത്. കട്ടപ്പന ഡിവൈ.എസ്.പി വി.എ. നിഷാദ് മോന്റെ നിർദ്ദേശപ്രകാരം എസ്.എച്ച്.ഒ വിശാൽ ജോൺസൺ, എസ്.ഐമാരായ എം.പി. മോനച്ചൻ, എം.എസ്. ഷംസുദ്ദീൻ, സി.പി.ഒമാരായ റെജി ബാലൻ, പ്രശാന്ത് മാത്യു, എബിൻ ജോസ്, പി.വി. രാജീവ് എന്നിവർ ചേർന്നാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.