തൊടുപുഴ: വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്തിലെ 22-ാം വാർഡിൽ തേങ്ങാക്കൽ- പള്ളിക്കട റോഡിന്റെ നവകരണത്തിന് 2021- 22 സാമ്പത്തിക വർഷത്തിൽ ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിന്ന് 15 ലക്ഷം രൂപ അനുവദിച്ചതായി വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു. റോഡ് അടിയന്തരമായി പുനർ നിർമ്മിക്കണമെന്ന കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ ഉത്തരവിനുള്ള നടപടി റിപ്പോർട്ടിലാണ് പഞ്ചായത്ത് ഇക്കാര്യം അറിയിച്ചത്. 29 വർഷത്തിലധികമായി ടാർ ചെയ്യാതിരുന്ന റോഡാണിത്. അറുന്നൂറോളം കുടുംബങ്ങൾ ഇവിടെ താമസിക്കുന്നുണ്ട്. ഇവിടെ താമസിക്കുന്നവരിലേറെയും എസ്റ്റേറ്റ് തൊഴിലാളികളാണ്. മൂന്ന് കിലോമീറ്റർ മാത്രം ദൈർഘ്യമുള്ള റോഡാണ് ദുരവസ്ഥയിലായത്. പ്രദേശവാസിയായ അജിത് തോമസ് സമർപ്പിച്ച പരാതിയിലാണ് നടപടി.