abraham
കരിമ്പിൻ തോട്ടത്തിൽ എബ്രഹാം

കുമളി: മധുരമൂറുന്ന ശർക്കര അങ്ങ് മറയൂരിൽ മാത്രമല്ല കുമളി പുറ്റടിയിലും വിളയും. വെള്ളരിയ്ക്കൽ ഏബ്രഹാമാണ് ജില്ലയിൽ മറയൂരിൽ മാത്രം കണ്ട് പരിചയമുള്ള കരിമ്പ് കൃഷി ചെയ്ത് ശർക്കര ഉത്പാദിപ്പിക്കുന്നത്. പലവിധ കൃഷികൾ നടത്തി നഷ്ടത്തിലായപ്പോഴാണ് അധികമാരും പരീക്ഷിക്കാത്ത കരിമ്പ് കൃഷിയിലേക്ക് ഈ 52കാരൻ തിരിഞ്ഞത്. മറയൂർ, തമിഴ്‌നാട്ടിലെ തേനി,​ അണക്കരപ്പെട്ടി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുമാണ് ശർക്കര ഉണ്ടാക്കുന്ന വിധം ഏബഹാം പഠിച്ചത്. വണ്ടൻമേണ്ട് കൃഷിക്ക് ആഫീസർമാരുടെ നിർദ്ദേശവും സഹായകമായി. മധുരം കൂടുതൽ കിട്ടുന്ന പഞ്ചസാര കരിമ്പാണ് നട്ടിരിക്കുന്നത്. ഫെബ്രുവരി മാസത്തിൽ കരിമ്പ് നട്ടാൽ 12 മാസത്തിന് ശേഷം വിളവെടുക്കാം. ഒരു ഏക്കറിൽ നിന്ന് ലഭിക്കുന്ന കരിമ്പിൽ നിന്ന് ലഭിക്കുന്ന ആയിരം ലിറ്റർ നീര് ലഭിക്കും. ഇതുപയോഗിച്ച് ഏകദേശം 80കിലോ ശർക്കര ഉണ്ടാക്കാൻ സാധിക്കുമെന്ന് ഏബ്രഹാം പറയുന്നു. ഒരു ഏക്കർ സ്ഥലത്ത് കൃഷി ചെയ്യുന്നതിന് ഏകദേശം അറുപതിനായിരം രൂപ ചെലവ് വരും. കരിമ്പ് കൃഷി കൂടാതെ ഒരേക്കർ സ്ഥലത്ത് ഉരുളകിഴങ്ങ്, നിലകടല, ചേമ്പ്, ചേന തുടങ്ങിയ കൃഷികളും ചെയ്യുന്നുണ്ട്. ഭാര്യ സോളിയും മക്കളുമാണ് കൃഷിയ്ക്ക് സഹായിക്കുന്നത്. കൂടാതെ ഏട്ടോളം തൊഴിലാളികളുമുണ്ട്.

ശർക്കര ഉണ്ടാക്കുന്നതിങ്ങനെ

വിളവെടുത്ത കരിമ്പ് ചക്കിൽ (മെഷീൻ)​ കയറ്റി നീരെടുത്ത് തൊപ്പരയിൽ (വലിയ പാത്രത്തിൽ) ഒഴിക്കും. ഏകദേശം നാല് മണിക്കൂറോളം തീയിൽ തിളപ്പിച്ച ശേഷം മാവിന്റെ പലകയിൽ തീർത്ത തോണിയിലേക്ക് പകരും. ഇത് ഉണങ്ങിയ ശേഷം ശർക്കരു ഉരുളയാക്കിയെടുക്കും.