തൊടുപുഴ: കേന്ദ്രാവിഷ്‌കൃത സാക്ഷരതാ പദ്ധതിയായ പഠ്‌ന ലിഖ്‌ന അഭിയാൻ പദ്ധതിയിൽ തദ്ദേശ സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള പഠിതാക്കൾക്കുള്ള സാക്ഷരതാ പാഠാവലികളുടെ വിതരണം തുടങ്ങി. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൻ ആശാ ആന്റണി സാക്ഷരതാ പാഠാവലികളുടെ ജില്ലാതല വിതരണോദ്ഘാടനം നിർവഹിച്ചു. പാമ്പാടുംപാറ, വാഴത്തോപ്പ്, കഞ്ഞിക്കുഴി പഞ്ചായത്തുകളുടെ പ്രതിനിധികൾ പാഠാവലികൾ ഏറ്റുവാങ്ങി. പഠ്‌ന ലിഖ്‌ന അഭിയാൻ പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള പഠിതാക്കൾക്ക് തദ്ദേശ സ്ഥാപനങ്ങളിൽ വാർഡ് അടിസ്ഥാനത്തിൽ ക്ലാസുകൾ ആരംഭിച്ചു വരികയാണ്. എട്ട് മുതൽ 10 വരെ പഠിതാക്കൾക്ക് ഒന്ന് എന്ന നിലയിൽ ക്ലാസുകൾ തുടങ്ങും. 2022 മാർച്ച് 31 ഓടെ 20,​000 നിരക്ഷരരെയാണ് ഇടുക്കി ജില്ലയിൽ സാക്ഷരരാക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട 2000 ഇൻസ്ട്രക്ടർമാരുടെ നേതൃത്വത്തിൽ പഠിതാക്കൾക്ക് ക്ലാസുകൾ നൽകും. പാഠപുസ്തക വിതരണ ചടങ്ങിൽ സാക്ഷരതാ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പി.എം. അബ്ദുൾകരീം, സംസ്ഥാന സാക്ഷരതാ മിഷൻ പ്രതിനിധി ബോബി എബ്രാഹം, സാദിര കെ.എസ്, അമ്മിണി ജോസ്, ജെ. ഉദയകുമാർ, വിനു ആന്റണി, ഐബി ചാക്കോച്ചൻ, സീമ എബ്രാഹം, ബിന്ദു മോൾ ടി.എസ് എന്നിവർ പങ്കെടുത്തു.