ഇടുക്കി: ശുചീകരണ വിഭാഗം ജനങ്ങളുടെ ക്ഷേമ പദ്ധതികൾ ഉദ്യോഗസ്ഥർ അനുഭാവപൂർവ്വം പരിഗണിക്കണമെന്ന് സഫായി കർമ്മചാരീസ് ദേശീയ കമ്മിഷനംഗം ഡോ. പി.പി. വാവ. ഇടുക്കി കളക്ട്രറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശുചീകരണ തൊഴിലാളികൾ നേരിടുന്ന പ്രശ്‌നങ്ങൾ, ശുചീകരണ തൊഴിലാളിയുടെ മക്കൾക്ക് തൊഴിൽ അധിഷ്ഠിത പരിശീലനം, തൊഴിലെടുക്കുന്നവർക്ക് കൃത്യമായ ശമ്പളം, തുടങ്ങിയവയുടെ നിലവിലെ സാഹചര്യം കമ്മീഷൻ അംഗം അവലോകനം ചെയ്തു. കൂടാതെ മാസ ശമ്പളം, ആനുകൂല്യങ്ങൾ, സ്ഥാനക്കയറ്റം, ആരോഗ്യ ഇൻഷുറൻസ്, ഇ.എസ്.ഐ, പ്രൊവിഡന്റ് ഫണ്ട്, ശുചീകരണ തൊഴിലാളികളുടെ മക്കൾക്കുള്ള സ്‌കോളർഷിപ്പ് തുടങ്ങി വിവിധ കാര്യങ്ങളുടെ ലഭ്യതയും സംസാരിച്ചു. തൊഴിലാളികൾക്ക് അർഹമായ ആനുകൂല്യം ലഭിക്കുന്നതിന് സർക്കാരിന് ശുപാർശ നൽകുമെന്നും അദ്ദേഹം അറിയിച്ചു. ജില്ലയിൽ ത്രിദിന സന്ദർശനത്തിനായി 29 ന് എത്തിയ കമ്മീഷനംഗം ഇന്ന് മടങ്ങും. യോഗത്തിൽ ജില്ലാ കളക്ടർ ഷീബാ ജോർജ്, എ.ഡി.എം ഷൈജു പി. ജേക്കബ്, സഫായി കർമചാരീസ് സംസ്ഥാന കോർഡിനേറ്റർ ഗോപി കൊച്ചുരാമൻ, എ.എസ്.പി കെ.എച്ച്. മുഹമ്മദ് കബീർ റാവുത്തർ, ജില്ലാ സാമൂഹ്യക്ഷേമ ഓഫീസർ ബിനോയി വി.ജെ, സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി പയസ് ജോർജ്, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ശശീന്ദ്രവ്യാസ് വി.എ തുടങ്ങിയവർ പങ്കെടുത്തു.