ഇടുക്കി: വനിതാശിശു വികസന വകുപ്പും വി.എച്ച്.എസ്.സി എൻ.എസ്.എസ് വിഭാഗത്തിന്റെയും സഹകരണത്തോടെ ലിംഗ വിവേചനം, സ്ത്രീധനം എന്നിവയ്‌ക്കെതിരെ നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായി കഞ്ഞിക്കുഴി എസ്.എൻ.വി.എച്ച്.എസ് സ്കൂളിലെ എൻ.എസ്.എസ് വോളണ്ടിയർമാർ കഞ്ഞിക്കുഴി ടൗണിൽ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. ലിംഗ അസമത്വം, സ്ത്രീധനം തുടങ്ങി സാമൂഹിക വിപത്തുകളെ കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു വിദ്യാർത്ഥികൾ ടൗണിൽ ഫ്ലാഷ് മോബ് അവതരിപ്പിച്ചത്. നങ്കിസിറ്റി എസ്.എൻ.വി.എച്ച്.എസ്.എസിൽ നടന്നു വന്ന സപ്തദിന ക്യാമ്പിന്റെ സമാപനത്തോടനുബന്ധിച്ചായിരുന്നു ഫ്ലാഷ് മോബ്. സമാപന സമ്മേളനത്തിൽ വാർഡ് മെമ്പർ എം.എം. പ്രദീപ് സ്ത്രീധന വിരുദ്ധ സന്ദേശം നൽകി. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ മഞ്ജു പി. വിശ്വംഭരൻ, അനൂപ് പി.ജി, അദ്ധ്യാപകരായ ബിനിഷ് കെ.എസ്, പ്രസന്ന ടി.എസ്, ബിജുമോൻ എന്നിവർ പങ്കെടുത്തു.