തൊടുപുഴ: ഒളമറ്റം പെരുക്കോണി മേഖലയിൽ കഴിഞ്ഞ ഒരാഴ്ചയായി കുടിവെള്ള ക്ഷാമം അതിരൂക്ഷം. ചൂട് കൂടിയതോടെ കുടിവെള്ളത്തിനായി പ്രദേശവാസികൾ നെട്ടോട്ടത്തിലാണ്. ഒരാഴ്ചയായി വെള്ളം കിട്ടാത്തിനാൽ വാർഡ് കൗൺസിലർ ഷീൻ വർഗീസിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയപ്പോൾ മാരിക്കല്ലുങ്കിന് സമീപം പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നതായി കണ്ടെത്തി. ഉടൻ തന്നെ അധികൃതരെ വിവരം അറിയിച്ചതിനുസരിച്ച് തകരാർ പരിഹരിച്ചെങ്കിലും വെള്ളം ഇപ്പോഴും നാട്ടുകാർക്ക് കിട്ടാക്കനിയാണ്. വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥരെ വിവരം അറിയിച്ചിട്ടും പരിഹാരമുണ്ടായില്ല. ഇതോടെ വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ നാട്ടുകാർ വാട്ടർ അതോറിട്ടി എക്‌സിക്യൂട്ടീവ് എൻജിനിയറുടെ ഓഫീസിലേയ്ക്ക് സമരം ഇന്ന് നടത്താനൊരുങ്ങുകയാണ്.