road
ടാറിംഗ് ഇളകി കുണ്ടും കുഴിയുമായി മാറിയ കട്ടപ്പന കുട്ടിക്കാനം പാത

കട്ടപ്പന: നിർദ്ദിഷ്ട മലയോര ഹൈവേയുടെ ഭാഗമായ കട്ടപ്പന കുട്ടിക്കാനം പാതയിലെ വൻ ഗർത്തങ്ങൾ യാത്രക്കാരുടെ നടുവൊടിക്കുന്നു. കട്ടപ്പന മുതൽ ചപ്പാത്ത് വരെയാണ് റോഡിൽ വലിയ കുഴികൾ രൂപപ്പെട്ടിരിക്കുന്നത്. മലയോര ഹൈവേയുടെ രണ്ടാം ഘട്ടത്തിൽ മേരികുളം മുതൽ നരിയംപാറ വരെ ടെൻഡർ നടപടികൾ ആരംഭിച്ചതാണ് അറ്റകുറ്റപണികൾ നടത്താതിരിക്കാൻ കാരണം. ശബരിമല തീർത്ഥാടനത്തിന് മുന്നോടിയായി എല്ലാ വർഷവും സംസ്ഥാന പാത നവീകരിക്കുന്ന പതിവുണ്ട്. ഇത്തവണ അറ്റകുറ്റപ്പണികൾ ചെയ്യാത്തതിനാൽ തീർത്ഥാടകർക്കും യാത്ര ദുഷ്‌കരമാണ്. സംസ്ഥാന പാത മലയോര ഹൈവേയുടെ ഭാഗമാക്കിയതിനാൽ നവീകരണത്തിന് ഫണ്ട് വിനിയോഗിക്കാൻ നിയമതടസമുണ്ടെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ വിശദീകരണം. ദിവസേന നൂറ് കണക്കിന് വാഹനങ്ങളാണ് കട്ടപ്പന- കുട്ടിക്കാനം റോഡിൽ സഞ്ചരിക്കുന്നത്. വലിയ കുഴികളിൽ പതിച്ച് വാഹനത്തിന് കേട്പാടുകൾ വരുന്നതും നിത്യസംഭവമാണ്. റോഡിന്റെ ശോചനീയവസ്ഥ കാരണം കോട്ടയം മെഡിക്കൽ കോളേജിലേയ്ക്കുള്ള ആംബുലൻസുകൾ കൂടുതൽ ദൂരം സഞ്ചരിച്ച് തൊടുപുഴ മുട്ടം വഴിയാണ് ഇപ്പോൾ പോകുന്നത്.