തൊടുപുഴ: ഒമിക്രോൺ വ്യാപനം തടയുന്നതിന്റെ ഭാഗമായി നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ ആഘോഷങ്ങളിലെ മുഖ്യ ഇനമായ പടക്ക വ്യാപാര മേഖല ആശങ്കയിൽ. പുതുവത്സര ആഘോഷങ്ങൾക്കായി ലോഡ് കണക്കിന് പടക്കങ്ങളും മറ്റും തമിഴ്‌നാട്ടിലെ ശിവകാശിയിൽ നിന്ന് കേരളത്തിലേക്ക് മൊത്ത വ്യാപാരികൾ വിൽപ്പനയ്ക്കായി എത്തിച്ചിരുന്നു. എന്നാൽ ഇത്തവണ പുതുവൽസര ആഘോഷങ്ങൾക്ക് രാത്രി 10ന് ശേഷം നിയന്ത്രമേർപ്പെടുത്തിയത് പടക്ക വ്യാപാര മേഖലയെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. കൊവിഡിന്റെ ഇളവുകളെ തുടർന്ന് ക്രിസ്തുമസ് ആഘോഷങ്ങളിൽ പടക്ക വ്യാപാര മേഖല വലിയ രീതിയിൽ ഉണർന്നിരുന്നു. എന്നാൽ പ്രതീക്ഷകൾക്ക് മേൽ കരിനിഴൽ വീഴ്ത്തത്തിയാണ് കൊവിഡിന്റെ മൂന്നാംതരംഗം വീണ്ടും പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. നിലവിൽ തമിഴ്‌നാട്ടിലെ ശിവകാശിയിൽ നിന്നുമാണ് കേരളത്തിലെ പടക്ക മൊത്ത വ്യാപാരികൾ ലോഡ് എടുക്കുന്നത്. എന്നാൽ കൊവിഡിന്റെ കടന്നു വരവോടെ ചെറുകിട മൊത്ത വ്യാപാരികളെല്ലാം ഈ രംഗം വിട്ടതോടെ നിലവിൽ പടക്കം നിർമ്മാണവും ഉത്പാദനവും വലിയ പ്രതിസന്ധിയിലാണ്. ഇതോടെ ശിവകാശിയിലെ വ്യാപാരികൾ ഒരോ ഇനങ്ങൾക്കും 10 രൂപ മുതൽ 100 രൂപ വരെ വില ഉയർത്തിയതായി കേരളത്തിലെ പടക്ക മൊത്ത വ്യാപാരികൾ പറയുന്നു. ഇതോടെ പതിവിൽ കൂടുതൽ പണം മുടക്കിയാണ് കേരളത്തിലേക്ക് പടക്കങ്ങളും പൂത്തിരിയും മത്താപ്പും അടക്കമുള്ള ഇനങ്ങൾ എത്തിക്കുന്നത്. ഇതോടെ വില വ്യത്യാസം കേരളത്തിലും അനുഭവപ്പെടുന്നുണ്ട്. നിയന്ത്രണങ്ങൾ കടുപ്പിച്ചാൽ പള്ളിപെരുന്നാളുകളും ഉൽസവ സീസണുകളും മുന്നിൽക്കണ്ട് വ്യാപാരത്തിലേക്ക് ഇറങ്ങിയവർ കൂടുതൽ പ്രതിസന്ധിയിലാകും.