 ചരിത്രപ്രദർശനം ഇന്ന് എം.എം. മണി ഉദ്ഘാടനം ചെയ്യും

കുമളി: മറ്റന്നാൾ ആരംഭിക്കുന്ന സി.പി.എം ഇടുക്കി ജില്ലാ സമ്മേളനത്തിന് കുമളി സജ്ജമായി. കൊടിതോരണങ്ങളും അലങ്കാരങ്ങളുംകൊണ്ട് സമ്മേളനനഗരി ഒരുങ്ങി. മൂന്ന് മുതൽ അഞ്ച് വരെ കുമളി ഹോളിഡേഹോമിലാണ് (എ.കെ.ദാമോദരൻ നഗറിൽ) സമ്മേളനം നടക്കുക. പ്രചാരണപ്രവർത്തനങ്ങൾ ഇതിനകം പൂർത്തിയായി. സമ്മേളനത്തിന്റെ ഭാഗമായി വിവിധ വിഷയങ്ങളെ അധികരിച്ചുള്ള സെമിനാറുകൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടന്നുവരുകയാണ്. 31ന് വൈക്ട്ട് അഞ്ചിന് കുമളി പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ തയ്യാറാക്കിയ എസ്. സുന്ദരമാണിക്യം നഗറിൽ സാംസ്‌കാരിക സമ്മേളനം നടക്കും. സാംസ്‌കാരിക സമ്മേളനത്തിന് ശേഷം കുമളി മന്നാക്കുടി, പളിയക്കുടി എന്നിവിടങ്ങളിലെ കലാകാരന്മാർ അവതരിപ്പിക്കുന്ന 'ഗോത്ര നൃത്തസന്ധ്യ' നടക്കും. ഇന്ന് വൈകിട്ട് അഞ്ചിന് പീരുമേട് താലൂക്കിലെയും ജില്ലയിലെയും കമ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രവും സമകാലിക സംഭവങ്ങളും ഉൾപ്പെടുത്തി 'പോരാട്ടത്തിന്റെ നാൾവഴികൾ' എന്ന ചരിത്രപ്രദർശനം എം.എം. മണി എം.എൽ.എ ഉദ്ഘാടനം ചെയ്യും. ചരിത്രപ്രദർശനം അഞ്ചുവരെ തുടരും. മറയൂർ ഗോത്ര കലാകാരന്മാരുടെ കലാസന്ധ്യ നടക്കും. നാളെ സമ്മേളന നഗരിയിൽ സ്ഥാപിക്കുന്നതിനുള്ള പതാക, കൊടിമരം, ദീപശിഖ, വിവിധ ജാഥകൾ എന്നിവ കുമളിയിൽ സംഗമിക്കും. മൂന്നിന് രാവിലെ ഒമ്പതിന് പ്രതിനിധിസമ്മേളനം പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ. വിജയരാഘവൻ, വൈക്കം വിശ്വൻ, എം.സി. ജോസഫൈൻ, കെ. രാധാകൃഷ്ണൻ, സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ എം.എം. മണി, കെ.ജെ. തോമസ്, സംസ്ഥാന കമ്മിറ്റി അംഗം കെ.പി. മേരി, ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രൻ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും. നാലിന് പ്രതിനിധി സമ്മേളനം തുടരും. വൈകിട്ട് അഞ്ചിന് ടൂറിസം സെമിനാർ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. അഞ്ചിന് വൈകിട്ട് മൂന്നിന് നടക്കുന്ന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

ആരാകും ജില്ലാ സെക്രട്ടറി

ജില്ലാ സമ്മേളനത്തിനൊപ്പം ആരാകും ഇനി സി.പി.എമ്മിനെ ഇടുക്കിയിൽ നയിക്കുകയെന്ന ചർച്ചയും സജീവമാണ്. നിലവിലെ ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രൻ രണ്ട് ടേം പൂർത്തിയാക്കി. ഒരു തവണ കൂടി ജയചന്ദ്രന് ചുമതല നൽകിയേക്കും. 2012ൽ എം.എം. മണി സ്ഥാനമൊഴിഞ്ഞപ്പോഴാണ് ജയചന്ദ്രൻ ജില്ലാ സെക്രട്ടറിയായെത്തുന്നത്. ഇതിന് ശേഷം 2015ൽ മൂന്നാർ സമ്മേളനത്തിലും 2018ലെ കട്ടപ്പന സമ്മേളനത്തിലും തുടർച്ചയായി ജയചന്ദ്രൻ തിരഞ്ഞെടുക്കപ്പെട്ടു. ജയചന്ദ്രൻ സ്ഥാനമൊഴിഞ്ഞാൽ സെക്രട്ടേറിയറ്ര് അംഗങ്ങളായ കെ.വി. ശശി,​ സി.വി. വർഗീസ് എന്നിവർക്കാണ് മുൻഗണന.