പള്ളിവാസൽ: സമഗ്ര കാൻസർ സുരക്ഷാ പദ്ധതിക്ക് പള്ളിവാസൽ ഗ്രാമപഞ്ചായത്തിൽ തുടക്കമായി. പഞ്ചായത്തിന്റെ 2021- 22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നാല് ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ബോധവത്കരണ സെമിനാറുകൾ, സന്നദ്ധ പ്രവർത്തകർക്ക് പരിശീലന പരിപാടി, കുടുംബ സർവേ, തുടർ ചികിത്സ എന്നിങ്ങനെയുള്ള വിവിധ ഘട്ടങ്ങളിലൂടെയാണ് കാൻസർ സുരക്ഷ പദ്ധതി നടപ്പിലാക്കുന്നത്. സന്നദ്ധ പ്രവർത്തകർ, ആശ- അംഗൻവാടി- ആരോഗ്യ പ്രവർത്തകർ എന്നിവരിലൂടെയാണ് പഞ്ചായത്തിന്റെ 14 വാർഡുകളിൽ പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി എറണാകുളം കാൻസർ കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ സഞ്ചരിക്കുന്ന മാമോഗ്രാം യൂണിറ്റ് പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ ക്യാമ്പുകൾ നടത്തും. മൂന്നാർ കാർക്കിനോസ് ക്യാൻസർ സെന്ററിന്റെ നേതൃത്വത്തിൽ വിദഗ്ദ്ധ ഡോക്ടർമാർ ക്യാമ്പിന് നേതൃത്വം നൽകും. പള്ളിവാസൽ പഞ്ചായത്ത് പ്രസിഡന്റ് വി.ജി. പ്രതീഷ്‌കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സന്നദ്ധ പ്രവർത്തകർക്കായുള്ള പരിശീലന പരിപാടി ദേവികുളം സബ്‌കളക്ടർ രാഹുൽ കൃഷ്ണ ശർമ്മ ഉദ്ഘാടനം ചെയ്തു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് പ്രവർത്തിച്ച സന്നദ്ധ പ്രവർത്തകർ, ആശ വർക്കർമാർ, ആരോഗ്യ പ്രവർത്തകർ എന്നിവരെ യോഗത്തിൽ ആദരിച്ചു. കാർക്കിനോസ് കാൻസർ സെന്റർ മൂന്നാറിലെ ഡോക്ടർ സുനിത ഡാനിയൽ, ഡോക്ടർ ദേവു എന്നിവർ സന്നദ്ധപ്രവർത്തകർക്കുള്ള പരിശീലനം നൽകി ജില്ലാ പഞ്ചായത്ത് അംഗം ഭവ്യ കണ്ണൻ മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം മിനി ലാലു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ലത, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുജി ഉല്ലാസ്, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി. ശശികുമാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പുഷ്പ സജി, പ്രമ അച്യുതൻ, എസ്.സി. രാജ, കണ്ണൻ, സ്വപ്ന സജിമോൻ, ആർ.സി. ഷാജൻ, ഷൈനി സിബിച്ചൻ, എഫ്. രാജ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി നിസാർ സി.എ, ബ്ളോക്ക് മെഡിക്കൽ ഓഫീസർ ഡോ. ഷാരോൺ ജോർജ് മാമൻ, കല്ലാർ വട്ടിയാർ,​ പ്രാഥമിക ആരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.​ പി. അരവിന്ദ്, ബ്ളോക്ക് ഹെൽത്ത് സൂപ്പർവൈസർ ബാബുരാജ്, ആരോഗ്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.എസ്. അഭിലാഷ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വി.എ. ജയകുമാർ എന്നിവർ സംസാരിച്ചു.