 
തൊടുപുഴ: കേരളത്തിലെ ആഭ്യന്തരവകുപ്പ് എസ്.ഡി.പി.ഐയുടെ ബി ടീമായി മാറിയെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണൻ പറഞ്ഞു. ബി.ജെ.പി- ആർ.എസ്.എസ് നേതാക്കളുടെ വിവരങ്ങൾ ചോർത്തിയ പൊലീസ് ഉദ്യോഗസ്ഥൻ അനസിന്റെ വീട്ടിലേക്ക് നടത്തിയ
മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആഭ്യന്തര വകുപ്പിന്റെ പൊലീസ് സീക്രട്ട് ആക്ടിന്റെ നഗ്‌നമായ ലംഘനം കൂടിയാണ് ഉദ്യോഗസ്ഥൻ നടത്തിയിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. മതവിദ്വേഷം പരത്താൻ ഉദ്ദേശിച്ചിട്ടുള്ളതും വർഗീയ ലഹളയ്ക്ക് വഴിതെളിക്കുന്നതും ഉൾപ്പടെ ഇന്ത്യൻ ശിക്ഷാനിയമം 124 എ, 166 അടക്കമുള്ള വകുപ്പുകൾ ചുമത്തി ഈ ഉദ്യോഗസ്ഥനെതിരെ കേസെടുത്തു സർവീസിൽ നിന്നും പിരിച്ചു വിടണമെന്ന് രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. കേരളത്തിൽ അടുത്ത കാലത്ത് നടന്ന പല കൊലപാതകങ്ങളും പൊലീസിന്റെ പിടിപ്പുകേടിന്റെ സാക്ഷ്യപത്രമാണ്. ആലപ്പുഴയിലെ അഡ്വക്കേറ്റ് രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകം പൊലീസിന്റെ ഡ്യൂട്ടി നിയന്ത്രണത്തിന്റെ ഇടവേളകളിൽ എസ്.ഡി.പി.ഐ കൃത്യമായ ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ്. ഈ ഹീനകൃത്യത്തിന് വഴിയൊരുക്കിയതും കൊല നടത്തിയതും എസ്.ഡി.പി.ഐ പൊലീസ് കൂട്ടുകെട്ടിന്റെ ഭാഗമായാണ്. ഇതിന്റെ സൂചനയാണ് കുറ്റവാളികൾ സംസ്ഥാനം വിട്ടു എന്നുള്ള എ.ഡി.ജി.പി വിജയ് സാക്കറയുടെ കുറ്റസമ്മതം. അതിന് സാഹചര്യമൊരുക്കിയത് ആരെന്നും പ്രതികൾ സംസ്ഥാനം വിടുന്നതുവരെ എന്തിന് കാത്തു നിന്നൂവെന്നും എ.ഡി.ജി.പി വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിഷേധ സമരത്തിൽ ബി.എം.എസ് സംസ്ഥാന സെക്രട്ടറി സിബി വർഗ്ഗീസ്, ബി.ജെ.പി മദ്ധ്യമേഖല പ്രസിഡന്റ് എൻ. ഹരി, ജില്ലാ പ്രസിഡന്റ് കെ.എസ്. അജി, വണ്ണപ്പുറം മണ്ഡലം പ്രസിഡന്റ് പ്രസാദ് വണ്ണപ്പുറം, പി.ആർ. ശിവശങ്കരൻ, ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡന്റ് പ്രബീഷ് പ്രഭാകരൻ, യുവമോർച്ച ജില്ലാ പ്രസിഡന്റ് വിഷ്ണു പുതിയേടത്ത്, മഹിളാ മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. വിദ്യാരാജേഷ്, എസ്.ടി മോർച്ചാ ജില്ലാ പ്രസിഡന്റ പി. പ്രമോദ് എന്നിവർ സംസാരിച്ചു. പ്രകടനത്തിന് ആർ.എസ്.എസ് നേതാക്കളായ ടി.ഡി. മനു, കെ.എസ്. രാജേഷ്, ഹരികൃഷ്ണൻ ബി.എം.എസ് നേതാക്കളായ കെ.കെ. ദിലീപ് കുമാർ, എ.പി. സർജു, ജയ്മാൻ, ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറിമാരായ എൻ.കെ. അബു, മനു ഹരിദാസ് , സി.എസ്. സിജിമോൻ, യുവമോർച്ച ജില്ലാ സെക്രട്ടറിമാരായ അജിത്ത് ഇടവെട്ടി, അഭിരാം മേനോൻ, മഹിള മോർച്ച ജില്ലാ വൈസ് പ്രസിഡന്റ് മിനി സുധീപ് എന്നിവർ നേതൃത്വം നൽകി.