കട്ടപ്പന: ഹൈറേഞ്ചിലെ ആദ്യത്തെ കാൻസർരോഗ നിർണയകേന്ദ്രം കട്ടപ്പനയിൽ പ്രവർത്തനം തുടങ്ങും. കട്ടപ്പന നഗരസഭയുടെ കീഴിലാണ് രോഗ നിർണ്ണയകേന്ദ്രം ആരംഭിക്കുക. ഇതിനായുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു. നഗരസഭയുടെ 2020 ലെ ബഡ്ജറ്റിൽ കാൻസർരോഗ നിർണ്ണയകേന്ദ്രത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി അഞ്ച് ലക്ഷം രൂപ വകയിരുത്തിയിരുന്നു. എന്നാൽ കൊവിഡ് സാഹചര്യത്തിൽ പദ്ധതിവേഗത്തിൽ നടപ്പാക്കാൻ സാധിച്ചില്ല. കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ പാറക്കടവിന് സമീപമുള്ള കെട്ടിടത്തിൽ 2800 ചതുരശ്ര അടി സ്ഥലത്താണ് നിർദ്ദിഷ്ട കാൻസർ നിർണയകേന്ദ്രം പ്രവർത്തനം തുടങ്ങുക. താലൂക്ക് ആശുപത്രിയുടെ മേൽനോട്ടത്തിലായിരിക്കും കേന്ദ്രത്തിന്റെ പ്രവർത്തനം. കഴിഞ്ഞ ദിവസം നഗരസഭാ വൈസ് ചെയർമാൻ ജോയ് ആനിത്തോട്ടത്തിന്റെ നേതൃത്വത്തിൽ ഡോക്ടർമാരുടെ സംഘവും നഗരസഭാ എൻജിനിയറിംഗ് വിംഗും ഏറ്റെടുത്ത കെട്ടിടം നേരിട്ടെത്തി പരിശോധിച്ചു. രോഗ നിർണയം നടത്താൻ ആവശ്യമായ ഉപകരണങ്ങൾ ലഭ്യമായാൽ ജൂൺ ആദ്യത്തോടെ പ്രവർത്തനം തുടങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷ. ഉപകരണങ്ങൾ വാങ്ങുന്നതിനായി നഗരസഭയുടെ പ്ലാൻ ഫണ്ടിൽ നിന്ന് പണം വകയിരുത്താനാണ് ഉദ്ദേശിക്കുന്നത്.
ആദ്യ ഘട്ടത്തിൽ 3തരം കാൻസറുകൾ
ആദ്യ ഘട്ടമായി മൂന്ന് തരം കാൻസറുകളുടെ രോഗ നിർണയമാകും കേന്ദ്രത്തിൽ ഉണ്ടാവുക. മാറിടത്തിലെ മുഴകൾ, തൈറോയ്ഡ് മുഴകളിലെ കാൻസർ സെല്ലുകൾ കണ്ടെത്തുന്ന ഫൈൻ നീഡിൽ ആസ്പിറേഷൻ ടെസ്റ്റും ഗർഭാശയ മുഴകളിലെ കാൻസർ കണ്ടെത്തുന്ന പാപ് സ്മിയർ പരിശോധനയുമാകും ആദ്യ ഘട്ടത്തിൽ നടത്തുക. ഇതിനായി ജില്ലയിലെ ഏതെങ്കിലും പാത്തോളജി ഡോക്ടറെ നിയമിക്കും. ഒരു നഴ്‌സും ലാബ് ടെക്‌നീഷ്യനും ക്ലീനിംഗ് സ്റ്റാഫും കേന്ദ്രത്തിലുണ്ടാകും. ആഴ്ചയിൽ മൂന്ന് ദിവസമായിരിക്കും പരിശോധന ക്രമീകരിക്കുക.
ഹൈറേഞ്ചിന് വലിയ ആശ്വാസം
കാൻസർരോഗ നിർണയകേന്ദ്രം പ്രവർത്തനം തുടങ്ങിയാൽ ഹൈറേഞ്ച് സ്വദേശികൾക്ക് വലിയ ആശ്വാസമാകും. കേരളത്തിൽ തന്നെ ഏറ്റവും കൂടുതൽ കാൻസർരോഗികളുള്ളത് ജില്ലയിലെ തോട്ടം മേഖലകളിലാണ്. ഈ സാഹചര്യത്തിൽ രോഗം കണ്ടെത്താനായി പലപ്പോഴും കിലോമീറ്ററുകൾ സഞ്ചരിച്ച് കോട്ടയത്തോ അല്ലെങ്കിൽ തിരുവനന്തപുരത്തോ തമിഴ്‌നാട്ടിലോ എത്തേണ്ട സാഹചര്യമാണ് നിലവിലുള്ളത്.