രാജാക്കാട്: ഇടുക്കിയിലെ ആദ്യ ഒമിക്രോൺ രാജാക്കാടെത്തിയ കോയമ്പത്തൂർ സ്വദേശിക്ക് സ്ഥിരീകരിച്ചു. ഡിസംബർ ആദ്യവാരം സ്വീഡനിൽ നിന്നെത്തിയ ഇദ്ദേഹവും കുടുംബവും വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ ഫലം നെഗറ്റീവായിരുന്നു. പിന്നീട് ഇവർ തമിഴ്‌നാട്ടിലെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയവെ രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് ആർ.ടി.പി.സി.ആർ പരിശോധന നടത്തി. എന്നാൽ ഫലം അറിയുന്നതിന് മുമ്പ് തന്നെ രാജാക്കാട് എൻ.ആർ. സിറ്റിയിൽ ഇയാളുടെ ഉടമസ്ഥതയിലുള്ള ഏലത്തോട്ടത്തിൽ എത്തുകയായിരുന്നു. തമിഴ്‌നാട്ടിൽ നിന്ന് ഇയാൾ രാജാക്കാട്ടിൽ എത്തിയതായി ആരോഗ്യ വകുപ്പിന് വിവരം ലഭിച്ചതോടെ ഇയാളെ കണ്ടെത്തുകയായിരുന്നു. ഇതിനിടെ ഇയാൾ കൊവിഡ് പോസിറ്റീവാണെന്ന ഫലം വരികയും ചെയ്തു. തുടർന്ന് ആരോഗ്യ വകുപ്പ് ഇടപെട്ട് ഇയാളെ ഇടുക്കി മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റുകയും ഒമിക്രോൺ പരിശോധനയ്ക്കായി കഴിഞ്ഞമാസം 20ന് ഇയാളുടെ സ്രവം തിരുവനന്തപുരം ലാബിലേയ്ക്ക് അയയ്ക്കുകയും ചെയ്തു. ഇന്നലെ ഇയാൾക്ക് ഒമിക്രോൺ സ്ഥിരീകരിക്കുകയായിരുന്നു. ഇയാൾ ഇടുക്കിയിലേക്ക് ഒറ്റയ്ക്ക് സ്വന്തം കാറിലാണ് വന്നതെന്നും അതിനാൽ മറ്റാരുമായും സമ്പർക്കമില്ലെന്നുമാണ് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത്. എങ്കിലും ഇയാളുമായി ബന്ധപ്പെട്ടവരെക്കുറിച്ച് വിശദമായ അന്വേഷണം നടത്താനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം. ഇദ്ദേഹത്തിന് മറ്റ് ആരോഗ്യപ്രശ്‌നങ്ങൾ ഇല്ല. നാളെ വീണ്ടും സാമ്പിളെടുത്ത് പരിശോധന നടത്തും.