camp
ബാലസഭാ ക്യാമ്പ് ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ പ്രൊഫ. ജോസഫ് അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യുന്നു

ഉടുമ്പന്നൂർ: ഗ്രാമ പഞ്ചായത്തിൽ ഇടുക്കി ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ സഹകരണത്തോടെ ബാലസഭാ ക്യാമ്പ് സംഘടിപ്പിച്ചു. സംസ്ഥാന ബാലാവകാശ കമ്മിഷൻ ബാലസൗഹൃദ പഞ്ചായത്തായി ഉടുമ്പന്നൂർ ഗ്രാമ പഞ്ചായത്തിനെ പ്രഖ്യാപിച്ചിട്ടുള്ള പശ്ചാത്തലത്തിൽ കൈകോർക്കാം ബാല സൗഹൃദ പഞ്ചായത്തിനായി എന്ന വിഷയത്തിലാണ് രണ്ട് ദിവസങ്ങളിലായി ക്യാമ്പ് നടത്തിയത്. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന സമാപന സമ്മേളനം ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ പ്രൊഫ. ജോസഫ് അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം. ലതീഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ശിശു സംരക്ഷണ ഓഫീസർ എം.ജി. ഗീത മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് ബിന്ദു രവീന്ദ്രൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ബീന രവീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നൈസി ഡെനിൽ, സി.ഡി.എസ് ചെയർപേഴ്‌സൺ ഷീബ ഭാസ്‌കരൻ, പഞ്ചായത്ത് സെക്രട്ടറി ജോൺ ജി ഗ്രീക്ക്,​ അസി.സെക്രട്ടറി ജോൺസൺ എം.ജെ തുടങ്ങിയവർ സംസാരിച്ചു. ഐ.സി.ഡി.എസ് സൂപ്പർവൈസർ സിന്ധു ടി.കെ. സ്വാഗതവും ഡി.സി.പി.യു ഔട്ട് റീച്ച് വർക്കർ അനീഷ പി.എസ്. നന്ദിയും പറഞ്ഞു. വിവിധ വിഷയങ്ങളിൽ ജോമറ്റ് ജോർജ്ജ്, നിഖിൽ എസ്. ഷാരോൺ ജോർജ്ജ്, രഞ്ജുഷ എൻ, അനീഷ പി.എസ് എന്നിവർ ക്ലാസുകൾ നയിച്ചു. കുട്ടികൾക്കായി ക്വിസ് മത്സരവും ബാലസൗഹൃദ പഞ്ചായത്ത് എന്ന വിഷയത്തിൽ സംവാദവും സംഘടിപ്പിച്ചു. വിജയികളായ കുട്ടികൾക്ക് സമ്മാനദാനവും പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റ് വിതരണവും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നിർവ്വഹിച്ചു.