ലൈഫ് ഗാർഡുകൾ ഇല്ല, മുൻകരുതൽ നിർദ്ദേശങ്ങളുമില്ല
പഴയങ്ങാടി: കൊവിഡ് സൃഷ്ടിച്ച കടുത്ത വറുതിക്ക് ശേഷം കാഴ്ചകളും അനുഭവങ്ങളും തേടി സഞ്ചാരികൾ കടൽത്തീരങ്ങളിൽ എത്തിയതോടെ മാട്ടൂൽ, പുതിയങ്ങാടി, ചൂട്ടാട് കടൽത്തീരങ്ങൾ സജീവമായി. രാത്രിയിലടക്കം ആയിരക്കണക്കിന് പേരാണ് തീരസൗന്ദര്യം ആസ്വദിക്കാനെത്തുന്നത്. ഞായറാഴ്ചകളിൽ വൻ തിരക്കാണ് മാട്ടൂൽ, ചൂട്ടാട് കടൽത്തീരങ്ങളിൽ അനുഭവപ്പെടുന്നത്.
ഇതോടെ സഞ്ചാരികളുടെ സുരക്ഷയെ കുറിച്ചുള്ള ആധിയും തീരങ്ങളിൽ നിറയുകയാണ്. തീരങ്ങളിൽ എത്തുന്ന നൂറ് കണക്കിന് സഞ്ചാരികളിൽ സ്ത്രീകളും കുട്ടികളും നിരവധിയായുണ്ട്. ഒഴിവ് ദിവസങ്ങളിൽ ഇവരുടെ എണ്ണവും കൂടും. ആയിരങ്ങൾ തീരത്തെത്തുമ്പോഴും സുരക്ഷയുടെ കാര്യത്തിൽ കാര്യമായ മാറ്റമൊന്നും ഉണ്ടായിട്ടില്ല. മാട്ടൂൽ, ചൂട്ടാട് തീരത്ത് ആവശ്യത്തിന് ലൈഫ് ഗാർഡുമാരെയും പൊലീസ് പട്രോളിംഗും ഒരുക്കണമെന്നത് ഏറേക്കാലമായുള്ള ആവശ്യമാണ്. മാട്ടൂൽ, ചൂട്ടാട് തീരങ്ങളിൽ ലൈഫ് ഗാർഡുമാരില്ല.
നേരത്തെ ചൂട്ടാട് ഒരു കുട്ടി കടലിൽ കുളിക്കുന്നതിനിടെ അപകടത്തിൽപെട്ട് മരിച്ചതോടെ പയ്യാമ്പലത്ത് നിന്നും രണ്ടു പേരെ കളക്ടറുടെ ഉത്തരവ് പ്രകാരം ഇവിടെ നിയമിച്ചിരുന്നു. കൊവിഡ് വന്നതോടെ അതുമില്ലാതായി. തീരങ്ങളിൽ ആവശ്യത്തിന് ലൈഫ് ഗാർഡുമാരെ നിയമിക്കണമെന്നാവശ്യപ്പെട്ട് കേരള ടൂറിസം ലൈഫ് ഗാർഡ് എംപ്ലോയീസ് യൂണിയൻ മന്ത്രി മുഹമ്മദ് റിയാസിന് നിവേദനം നൽകിയിരുന്നു.
കാലംതെറ്റിയുള്ള ഒഴുക്ക്
സാധാരണ വേനലവധിക്കാലമായ മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് പാർക്ക്, ബീച്ച് അടക്കമുള്ള കേന്ദ്രങ്ങളിൽ ആളുകൾ കൂട്ടമായിയെത്തുന്നത്. എന്നാൽ ഇപ്പോൾ അടച്ചിടലിന്റെ മടുപ്പ് മാറ്റാൻ പ്രവൃത്തി ദിവസങ്ങളിലടക്കം സഞ്ചാരികൾ കൂട്ടമായിയെത്തുന്ന കാഴ്ചയാണ്. മാട്ടൂൽ സെൻട്രൽ കടപ്പുറത്ത് ഒരുക്കിയിരിക്കുന്ന ഹോട്ടലുകളിലേക്കും പെറ്റ് സ്റ്റേഷനിലേക്കും ഒഴുകി എത്തുന്നത് ആയിരങ്ങൾ. ഒരു നിയന്ത്രണവുമില്ലാതെ അടുത്ത ജില്ലയിൽ നിന്ന് വരെ എത്തുന്ന സഞ്ചാരികൾ നാടിന് ആശങ്കയായിരിക്കുകയാണ്.
പഞ്ചായത്ത് അധികൃതരോ പൊലീസോ സുരക്ഷാ ക്രമീകരങ്ങൾ ഒന്നും തന്നെ ഒരുക്കിയിട്ടില്ല. മാട്ടൂൽ, ചൂട്ടാട് കടലുകളിൽ സ്ത്രീകളും കുട്ടികളും യഥേഷ്ടം കടലിൽ ഇറങ്ങുന്നത് നിത്യ കാഴ്ചയാണ്. കൊവിഡ് പ്രോട്ടോകാൾ കാറ്റിൽ പറത്തി സാമൂഹിക അകലമില്ലാതെയും ഒരു സുരക്ഷയുമില്ലാതെയാണ് കടലിൽ ഇറങ്ങുന്നത്.
നാട്ടുകാർ