തളിപ്പറമ്പ്: പഞ്ചാബ് നാഷണൽ ബാങ്ക് തളിപ്പറമ്പ് ശാഖയിലെ മുക്കുപണ്ട പണയ തട്ടിപ്പ് കേസിലെ കുറ്റപത്രം സമർപ്പിച്ചു. ബാങ്കിലെ അപ്രൈസർ തൃച്ചംബത്തെ രമേശനാണ് തട്ടിപ്പിന്റെ ആസൂത്രധാരനെന്നാണ് കണ്ടെത്തൽ. ഇയാൾ ആത്മഹത്യ ചെയ്തിരുന്നു. ഇയാളെ കൂടാതെ 17 പേരാണ് കേസിലെ പ്രതികൾ. ഇതിൽ രാജേന്ദ്രൻ, വസന്തരാജ്, കൊറ്റ്യാൽ മോഹനൻ, ലക്ഷ്മണൻ, കുഞ്ഞുമോൻ, അബ്ദു, മുരളീധരൻ, ജയപ്രസാദ്, വേണുഗോപാലൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബാക്കി ഒമ്പതു പേരെ പിടികിട്ടാനുണ്ടെന്ന് കാണിച്ചാണ് കുറ്റപത്രം സമർപ്പിച്ചത്.
രമേശൻ ആത്മഹത്യ ചെയ്തതിനെത്തുടർന്ന് കേസ് അന്വേഷണം ദുഷ്കരമായിരുന്നു. തെളിവുകൾ കണ്ടെത്താൻ 3800 രേഖകൾ പരിശോധിച്ചു. 110 സാക്ഷി പട്ടികയടക്കം 2200 പേജ് കുറ്റ പത്രമാണ് എസ്.ഐ പി.സി. സഞ്ജയ് കുമാർ കോടതിയിൽ സമർപ്പിച്ചത്. 90 ദിവസത്തിനകം തന്നെ അന്വേഷണ സംഘത്തിന് കുറ്റപത്രം സമർപ്പിക്കാൻ കഴിഞ്ഞു. തളിപ്പറമ്പ് ഡിവൈ.എസ്.പി ടി.കെ. രത്നകുമാർ, സി.ഐ എ.വി. ദിനേശൻ എന്നിവരുടെ മേൽനോട്ടത്തിൽ ആണ് അന്വേഷണം നടന്നത്. അഡീ. എസ്.ഐമാരായ ഗണേശൻ, രഘു, സീനിയർ സി.പി.ഒ അഷ്റഫ് എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.