തലശ്ശേരി: ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി പ്രസിഡന്റ് മമ്പറം ദിവാകരൻ പറയുന്നതെല്ലാം പച്ചക്കള്ളമെന്ന്‌ കോൺഗ്രസ് ഭാരവാഹികൾ. ഇന്ദിരാഗാന്ധി ആശുപത്രി കനത്ത നഷ്ടത്തിലെന്നും കോൺഗ്രസ് നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ആശുപത്രി ഭരണ സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ, കോൺഗ്രസിൽ നിന്ന് പുറത്താക്കിയ കെ.പി.സി.സി മുൻ അംഗവും ആശുപത്രിയുടെ നിലവിലെ പ്രസിഡന്റുമായ മമ്പറം ദിവാകരനെതിരെ രൂക്ഷ വിമർശനവുമായാണ് ഔദ്യോഗിക വിഭാഗം നേതാക്കൾ പ്രതികരിച്ചത്.

1992 ൽ ആശുപത്രി ചുമതലയിൽ നിന്നും മമ്പറം മാധവൻ ഒഴിയുമ്പോൾ 4 ലക്ഷം രൂപ ലാഭത്തിലാണ് പ്രവർത്തിച്ചിരുന്നത്. അന്ന് ഡി.സി.സി.പ്രസിഡന്റായിരുന്ന കെ. സുധാകരനാണ് ആശുപത്രി നടത്തിപ്പ് മമ്പറം ദിവാകരനെ ഏൽപ്പിച്ചത്. 28 വർഷം പ്രസിഡന്റായി ഇദ്ദേഹം നോക്കി നടത്തിയ ആശുപത്രി ഇപ്പോൾ 10 കോടി രൂപ നഷ്ടത്തിലാണെന്ന് ഓഡിറ്റ് റിപ്പോർട്ട് ഉദ്ധരിച്ച് നേതാക്കളായ വി.എൻ ജയരാജ്, സജീവ് മാറോളി, അഡ്വ. സി.ടി. സജിത്ത്, എം.പി. അരവിന്ദാക്ഷൻ എന്നിവർ പറഞ്ഞു. വ്യക്തിഗത നേട്ടമാണ് ദിവാകരന്റെ ലക്ഷ്യം. വി. രാധാകൃഷ്ണൻ, വി.സി. പ്രസാദ് എന്നിവരും പത്രസമ്മേളനത്തിൽ സംബന്ധിച്ചു.