
കണ്ണൂർ: പെരിയ ഇരട്ടക്കൊല കേസിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ അഞ്ചു പ്രതികളെ സി.ബി.ഐ അറസ്റ്റ് ചെയ്തതോടെ കൊലയാളികളെ രക്ഷിക്കാൻ സർക്കാർ ഖജനാവിൽ നിന്ന് ലക്ഷങ്ങൾ ചിലവഴിച്ച മുഖ്യമന്ത്രി പിണറായി വിജയന്റേയും സി.പി.എമ്മിന്റേയും മുഖം കൂടുതൽ വികൃതമായിരിക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പ്രതികരിച്ചു. പിണറായി വിജയന്റെ വീട്ടിൽ നിന്നോ എ .കെ. ജി സെന്ററിൽ നിന്നോ എടുത്ത കാശു കൊണ്ടല്ല, പൊതുജനങ്ങളുടെ നികുതിപ്പണം കൊണ്ട് കൊലയാളികളെ രക്ഷിക്കാനാണ് സർക്കാർ ശ്രമിച്ചത്. സി.ബി.ഐ അന്വേഷണത്തിനു തടയിടാൻ സി.പി.എം വെപ്രാളപ്പെട്ടതെന്തിനെന്ന് ഇപ്പോൾ വ്യക്തമായിരിക്കുകയാണ്.
ശരത്ത് ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ സി.പി.എമ്മുകാരെ മുഴുവൻ നിയമത്തിനു മുന്നിൽ കൊണ്ടു വരും.
സി.പി.എമ്മിന്റെ ഏതാനും കൊലയാളികൾ അഴിക്കുള്ളിലേക്ക് പോകുമ്പോഴൊന്നും ഞങ്ങളുടെ പോരാട്ടം അവസാനിക്കില്ല.
അവസാനത്തെ കൊലയാളിക്കും കൈവിലങ്ങ് തീർക്കും വരെ ഈ പോരാട്ടം തുടരുക തന്നെ ചെയ്യുമെന്ന് കെ. സുധാകരൻ പറഞ്ഞു.