parambara

സെറിബ്രൽ പാൾസി ബാധിച്ച ഇരട്ടപ്പെൺമക്കളുടെ ജീവിതതാളവുമായി ഇഴുകിച്ചേർന്നിരിക്കുകയാണ് കണ്ണൂർ പാനൂർ സ്വദേശിയായ ദീപയെന്ന അമ്മ. ഒന്ന് തിരിയാൻ പോലും വയ്യാതെ രണ്ട് പൊന്നോമനകളും കട്ടിലിൽക്കിടന്ന് ചിരിക്കുമ്പോൾ അവരുടെ ചിരിയാണ് തന്റെ ഏറ്റവും വലിയ ഭാഗ്യമെന്ന് കരുതുന്നു ഈ അമ്മ. നാലുവർഷമായി മക്കളെയും ചേർത്തുപിടിച്ച് ആശുപത്രികളിലേക്കുള്ള ഓട്ടപ്പാച്ചിലിനിടയിൽ തന്റെ അതേ അവസ്ഥയിലുള്ള എത്രയോ പേരെ ദീപ കണ്ടുകഴിഞ്ഞു. കുഞ്ഞുങ്ങളെ പരിചരിക്കുന്നത് ശ്രമകരമാണെങ്കിലും അതൊരു ബുദ്ധിമുട്ടായി ഇതുവരെ തോന്നിയിട്ടില്ല ദീപയ്‌ക്ക്. മക്കളുടെ വിശേഷങ്ങളെല്ലാം ചിരിച്ചുകൊണ്ട് മാത്രം പറയുന്ന ദീപയ്ക്കുള്ളിൽ ഒരു സങ്കടക്കടലുണ്ട്. ഇനി മുന്നോട്ടുള്ള യാത്ര എങ്ങനെയാവും ? ഭാവിയിൽ ഈ പെൺമക്കൾക്കാരുണ്ടാകും ? ആ ചിന്ത പോലും അവരെ ഭയപ്പെടുത്തുന്നു.

അവരെ എടുക്കുന്ന രീതിയൊന്ന് മാറിയാൽ പോലും കുട്ടികൾ ഉച്ചത്തിൽ ബഹളമുണ്ടാക്കും. ഇത്തരത്തിൽ രാത്രി മക്കൾ ബഹളംവച്ച് കരയുന്നത് പതിവാണ്. അപ്പോൾ ദീപ മക്കൾക്ക് കൂട്ടിരിക്കും. ഉറക്കക്ഷീണം കൊണ്ട് തീരെ വയ്യാതെയാകുമ്പോൾ അരമണിക്കൂർ കൊണ്ടെത്താവുന്ന സ്വന്തം വീട്ടിലേക്ക് പോയി ഒരു രാത്രി ഉറങ്ങും. ഭർത്താവിന്റെ അച്ഛനും അമ്മയും പ്രായാധിക്യത്തിന്റെ അവശതകളുള്ളവരാണ്. അവർക്ക് കുട്ടികളെ നോക്കാൻ കഴിയാത്തതിനാൽ ദീപയുടെ അമ്മയാണ് അപ്പോൾ മക്കളെ നോക്കുന്നത്.

ജനിച്ച് ആറുമാസം കഴിഞ്ഞിട്ടും മക്കളുടെ തല ഉറയ്ക്കാതായതോടെയാണ് ദീപയ്‌ക്ക് സംശയം തോന്നിയത്. തലച്ചോറിലെ കോശങ്ങളുടെ വ്യതിയാനമാണിതെന്നും മറ്റ് ചികിത്സകളൊന്നുമില്ലെന്നും ഡോക്ടർമാർ സ്ഥിരീകരിച്ചു. ഇടയ്ക്കിടെയുണ്ടാകുന്ന അപസ്മാരവും ഇരുവരുടെയും നില തെറ്റിക്കും. സാമ്പത്തികമായി ബുദ്ധിമുട്ടുകൾ ഏറെയുണ്ടായിട്ടും പിന്നീടങ്ങോട്ട് തെറാപ്പി സെന്ററുകളിലേക്കുള്ള ഓട്ടത്തിലായിരുന്നു ദീപയും ഭർത്താവ് രാജേഷും.

സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന രാജേഷ് ബാങ്കുകളിൽ നിന്നും മറ്റു ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും ലോണെടുത്തും ദീപയുടെ സ്വർണം വിറ്റുമാണ് മക്കളുടെ തെറാപ്പി നടത്തിയിരുന്നത്. ജോലിചെയ്ത് കിട്ടുന്ന തുകയെല്ലാം ചികിത്സയ്‌ക്കായി ചെലവാക്കി. വീട്ടുചെലവിന് പണമില്ലാത്ത ദയനീയ സ്ഥിതിയിലാണ് ഇരുവരും. മുടങ്ങാതെ ചെയ്യുന്ന ഫിസിയോ തെറാപ്പിക്ക് രണ്ടുപേർക്കുമായി ദിവസം 500 രൂപ വേണം. യാത്രയ്ക്കുള്ള പണം വേറെയും. ഇപ്പോൾ നാട്ടിലെ ജീവകാരുണ്യ പ്രവർത്തകരുടെ സഹായത്താൽ തെറാപ്പി സൗജന്യമായി ലഭ്യമാകുന്നുണ്ട്.

നാല് വയസായെങ്കിലും സ്വയം ഇരിക്കാൻ പോലും കഴിയാത്ത അവസ്ഥയായതിനാൽ സ്പെഷ്യൽ സ്കൂളുകളിലും അയയ്‌ക്കാൻ സാധിക്കുന്നില്ല. ദീപ നേരത്തെ ജോലി ചെയ്തിരുന്നെങ്കിലും ഇപ്പോൾ ജോലി ഉപേക്ഷിച്ച് മക്കൾക്കൊപ്പം തന്നെയാണ്.

സങ്കടത്തടവറ

ദേഷ്യം വന്നാൽ അഞ്ജലി സ്വയം കടിച്ചു കീറും,ചുമരിൽ തലയിടിച്ച് കരയും, തലമുടി വലിച്ചുപറിച്ച് ഉച്ചത്തിൽ അലറിച്ചിരിക്കും.. തന്നെ നിയന്ത്രിക്കാൻ ശ്രമിക്കുന്ന അമ്മയെ അവൾ പൊതിരെ തല്ലുകയും ആഴത്തിൽ കടിച്ച് പരിക്കേല്‌പ്പിക്കുകയും ചെയ്യും.

ഓട്ടിസം ബാധിച്ച ഇരുപതുകാരിയായ മകളെ ഇരുമ്പഴിയ്ക്കുള്ളിൽ പൂട്ടിയിടേണ്ടി വന്ന കാസർകോട് വിദ്യാനഗർ കല്ലക്കട്ട ഉജ്ജംകോട്ടം സ്വദേശിനി രാജേശ്വരിയുടെ ജീവിതം ഇപ്പോൾ എല്ലാറ്റിനോടും പൊരുത്തപ്പെട്ടു തുടങ്ങിയിരിക്കുന്നു.

പല്ല് തേപ്പിക്കുന്നത് മുതൽ മകളുടെ എല്ലാ കാര്യങ്ങളും രാജേശ്വരി തന്നെ ചെയ്യണം. മാനസിക വെല്ലുവിളി നേരിടുന്ന അഞ്ജലിക്ക് സംസാരിക്കാനും കഴിയില്ല. വിശക്കുമ്പോൾ അവൾ വയറ്റത്തടിച്ച് കരയും. മരംകൊണ്ടുള്ള വാതിൽ അവൾ തല്ലിപ്പൊട്ടിച്ചതിനെ തുടർന്നാണ് ഇരുമ്പഴി തീർക്കേണ്ടി വന്നത്. മകൾ അസുഖക്കാരിയാണെന്ന് അറിഞ്ഞതോടെ അഞ്ജലിയുടെ രണ്ടാം വയസ്സിൽ അച്ഛൻ ഉപേക്ഷിച്ച് പോയി. പ്രായമായ അമ്മയാണ് ഇപ്പോൾ ഒപ്പമുള്ളത്. അമ്മയ്ക്ക് ആരോഗ്യമുണ്ടായിരുന്നപ്പോൾ മകളെ അമ്മയെ ഏല്‌പിച്ച് രാജേശ്വരി കൂലിവേലയ്ക്ക് പോയിരുന്നു. 90 കഴിഞ്ഞ അമ്മയ്ക്ക് വയ്യാതായതോടെ കൂലിവേല നിറുത്തി മകൾക്ക് കൂട്ടിരിക്കുകയാണ് രാജേശ്വരി. വീടില്ലാത്തതിനാൽ സഹോദരന്റെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് കഴിയുന്നത്. ലൈഫ് പദ്ധതിയിൽ അപേക്ഷ കൊടുത്തിട്ടും യാതൊരു നടപടിയുമില്ല. അഞ്ജലിക്ക് ലഭിക്കുന്ന എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള അഗതി പെൻഷനും വികലാംഗ പെൻഷനും കൊണ്ടാണ് കുടുംബം കഴിയുന്നത്. ഇടയ്ക്കിടെ വരാറുള്ള അപസ്മാരത്തിനും തൈറോയ്ഡിനും ചികിത്സയ്‌ക്ക് വലിയതുക തന്നെ വേണം.

( തുടരും)