cerebral-palsy

നാല്‌പ്പത്തിനാലുകാരൻ മകൻ ജിജുവിനെ പ്രാഥമിക കാര്യങ്ങൾ ഉൾപ്പെടെയെല്ലാം ചെയ്യാൻ സഹായിക്കുന്നത് എഴുപതുകാരിയായ അമ്മ ലീലയാണ്. എറണാകുളം സ്വദേശിനിയായ ലീലയ്‌ക്ക് പ്രായാധിക്യത്തിന്റെ അവശതകൾ ആവശ്യത്തിലേറെ. എങ്കിലും മകന് തുണയായി താൻ മാത്രമേയുള്ളൂ എന്ന തിരിച്ചറിവാണ് അവരെ മുന്നോട്ട് നയിക്കുന്നത്. പരിമിത സൗകര്യങ്ങൾ മാത്രമുള്ള വീട്ടിലെ മുറിയിൽത്തന്നെയാണ് ജിജു. അമ്മ പിടിച്ച് എഴുന്നേല്‌പിച്ചാൽ കുറച്ച് സമയത്തേക്ക് എഴുന്നേറ്റിരിക്കും. കൈപിടിച്ചാൽ പുറത്തേക്കിറങ്ങി ചെറുതായി നടക്കും. അയൽപക്കത്തെ കുട്ടികൾ പന്ത് തട്ടികൊടുക്കുമ്പോൾ ചെറിയ ചിരിയും കളിയുമെല്ലാം ജിജുവിൽ കാണാം.

18 വർഷം മുൻപാണ് ലീലയുടെ ഭർത്താവ് രമേശൻ കാൻസർ ബാധിച്ച് മരിച്ചത്. ഭിന്നശേഷിക്കാരിയായ മറ്റൊരു മകൾ 24 വർഷം മുമ്പ് പത്തൊൻപതാം വയസിൽ റോഡ് മുറിച്ചുകടക്കുന്നതിനിടയിൽ വാഹനം തട്ടി മരിച്ചു.

തളർന്നു പോകാൻ കാരണങ്ങൾ ഒരുപാടുണ്ടായിട്ടും ലീല മകന് വേണ്ടി മാത്രം ജീവിക്കുകയാണിപ്പോൾ. ഭിന്നശേഷിക്കാർക്ക് നല്‌കുന്ന പെൻഷനും വിധവാപെൻഷനുമാണ് ആകെ ആശ്രയം. ജനിച്ച് 15 ദിവസത്തിന് ശേഷമുണ്ടായ അപസ്മാരമാണ് ജിജുവിലുണ്ടായ സെറിബ്രൽ പാൾസിക്ക് തുടക്കം. തനിക്ക് കഴിയും വരെ മകനെ നോക്കുമെന്ന് അവർ ഉറപ്പിച്ചു പറഞ്ഞു. പക്ഷെ തന്റെ കാലശേഷം?.. അവരെ അലട്ടുന്ന ചോദ്യമാണിത്.

ലക്ഷ്മിയുടെ സ്വന്തം അനുഷ്ക

അനുഷ്ക തന്റെ ലക്ഷ്മിചേച്ചിയുടെ ശബ്ദംകേട്ട് ജീവിതത്തിലേക്ക് തിരിച്ചുവന്ന് ഡോക്ടർമാരെ അത്ഭുതപ്പെടുത്തിയവളാണ്. കണ്ണൂർ വലിയന്നൂരിലെ സെൻസിയുടെ മകൾ അനുഷ്ക ഏത് ആൾക്കൂട്ടത്തിനിടയിലും മുൻനിര ടെലിവിഷൻ അവതാരകരിലൊരാളായ ലക്ഷ്മി നക്ഷത്രയുടെ ശബ്ദം തിരിച്ചറിയും. ഓട്ടിസം ബാധിച്ച അനുഷ്ക ആറ് മാസം മുൻപ് അപസ്മാരം മൂർച്ഛിച്ച് ആശുപത്രിയിലായി. ഓക്സിജൻ ലെവൽ നന്നേ കുറഞ്ഞു. 24 മണിക്കൂർ നേരത്തെ ആയുസാണ് ഡോക്ടർമാർ വിധിച്ചത്. അമ്മ സെൻസി ലക്ഷ്മിയെ വിളിച്ച് ആവശ്യപ്പെട്ടത് മകളോടൊന്ന് സംസാരിക്കാൻ മാത്രമാണ്. ലക്ഷ്മി വാട്സ് ആപ്പ് വഴി അയച്ച ശബ്ദസന്ദേശങ്ങളോട് അവൾ പ്രതികരിച്ചു. എല്ലാവരെയും അത്ഭുതപ്പെടുത്തി വീണ്ടും കണ്ണുതുറന്നു. ഇന്നും ലക്ഷ്മിയുടെ ശബ്ദം ടി.വിയിൽ കേട്ടാൽ അവൾ പ്രത്യേകതരത്തിൽ പ്രതികരിക്കും. ഇടയ്ക്കിടെ ലക്ഷ്മി അനുഷ്കയെ വിളിച്ച് സംസാരിക്കാറുമുണ്ട്. കിടപ്പിലാണെങ്കിൽ കൂടി അത് അനുഷ്കയ്ക്ക് നൽകുന്ന ഊർജ്ജം സെൻസിയെ പോലും വിസ്മയിപ്പിക്കുന്നു.

മകൾ കിടക്കുന്ന മുറിയിലെ ഭിത്തിയിൽ നിറയെ ലക്ഷ്മിയുടെ ഫോട്ടോകൾ പതിച്ചപ്പോൾ ഭ്രാന്താണെന്ന് പറഞ്ഞ് സെൻസിയെ കളിയാക്കിയിട്ടുണ്ട് പലരും. എന്നാൽ മകളുടെ സന്തോഷമാണ് തനിക്ക് വലുതെന്ന് മാത്രമേ ഈ അമ്മയ്ക്ക് പറയാനുള്ളൂ. ഓട്ടിസം ബാധിച്ച കുട്ടികൾക്കൊപ്പമുള്ള ലക്ഷ്മിയുടെ ഫേസ് ബുക്ക് പോസ്റ്റിന് താഴെ സെൻസി തനിക്കും ഇങ്ങനെ ഒരു മകളുണ്ടെന്ന് കമന്റിടുകയായിരുന്നു. അത് മറ്റൊരാൾ ലക്ഷ്മിക്ക് സ്ക്രീൻ ഷോട്ടെടുത്ത് അയച്ച് കൊടുത്തു. ഇതാണ് ലക്ഷ്മിയെയും അനുഷ്കയുടെ കുടുംബത്തെയും ഒന്നിപ്പിച്ചത്.‌ ഡിസംബർ 29 നാണ് അനുഷ്കയുടെ പിറന്നാൾ. അന്ന് ലക്ഷ്മിയെത്തുമെന്നാണ് കുടുംബത്തിന്റെ പ്രതീക്ഷ. തലശേരി ലയൺസ് ക്ളബ്ബ് പോലുള്ള സന്നദ്ധ സംഘടനകളും മറ്റും അനുഷ്കയ്ക്ക് താങ്ങായി കൂടെയുണ്ട്.

അനുജന്റെയും അമ്മയുടെയും സഹായത്തോടെയുമാണ് സെൻസി മകളുടെ കാര്യങ്ങൾ നോക്കുന്നത്. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലാണ് അനുഷ്കയുടെ ചികിത്സ.

താളം തെറ്റുന്ന ജീവിതം

സ്വന്തം മക്കൾ ഇത്തരം അവസ്ഥയിലൂടെ കടന്ന് പോവുകയാണെന്ന് തിരിച്ചറിയുമ്പോൾ അത് രക്ഷിതാക്കളിലേൽപ്പിക്കുന്ന ആഘാതം വളരെ വലുതാണ്. പലരും അത് ഉൾക്കൊള്ളാനും വിശ്വസിക്കാനും ഏറെ പ്രയാസപ്പെടും. മക്കളുടെ വൈകല്യം പരസ്പര കുറ്റപ്പെടുത്തലുകൾക്കും പഴിചാരലിനും ഒടുവിൽ വിവാഹബന്ധം വേർപിരിയുന്നതിനും വരെ ഇടയാക്കാറുണ്ട്. പുരുഷന്മാരാണ് ഇത്തരം ബന്ധങ്ങളിൽ നിന്നും എളുപ്പം തെന്നിമാറുന്നത്.

മക്കളുടെ അവസ്ഥയെ ഉൾക്കൊണ്ടു കഴിഞ്ഞാൽ പിന്നീടങ്ങോട്ട് മികച്ച ഡോക്ടർമാരെയും ചികിത്സയും തേടിയുള്ള അലച്ചിലാണ്. ആശുപത്രികളിൽ നിന്ന് ആശുപത്രികളിലേക്കുള്ള ഓട്ടപ്പാച്ചിലിനിടയിൽ വ്യാജ ചികിത്സയിൽ ചതിക്കപ്പെടുന്നവർ നിരവധിയാണ് (മതപരമായ ചികിത്സ,ധ്യാനം,അമ്പലങ്ങളിലും മറ്റും നേർച്ച).

പലരും കുട്ടികൾക്ക് മരുന്നുകൾ മാറിമാറി നല്കുന്ന രീതിയുമുണ്ട്. എന്നാൽ ഈ അസുഖങ്ങൾ മരുന്നുകൊണ്ട് മാറുന്നതല്ലെന്നും ഇത്തരം കുട്ടികൾക്കാവശ്യം ശരിയായ തെറാപ്പിയും പരിശീലനവുമാണെന്നും ഡോ.സി.പി.അബൂബക്കർ പറഞ്ഞു. അനാവശ്യമായി മരുന്നുകൾ നൽകുന്നതിലൂടെ കുട്ടികളിലെ കഴിവുകൾ കുറയുകയാണെന്നും ഓരോ കുട്ടിയുടെയും അഭിരുചികൾ മനസിലാക്കി അവ വികസിപ്പിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

(തുടരും)