cerebral-palsy

തങ്ങൾക്ക് ശേഷം മാനസിക ,ശാരീരിക വെല്ലുവിളി നേരിടുന്ന മക്കൾക്കാരെന്ന ചിന്തയാണ് പ്രായമേറുന്തോറും രക്ഷിതാക്കളുടെ നെഞ്ചിലെ നോവ്. ഇത്തരം കുട്ടികൾക്കായി സർക്കാർ പുനരധിവാസത്തിനുള്ള സൗകര്യമൊരുക്കണമെന്നതാണ് രക്ഷിതാക്കളുടെ ആവശ്യം.

സർക്കാർ തലത്തിൽ 18 വയസ് വരെ മാത്രം പ്രായമുള്ളവരാണ് സ്പെഷ്യൽ സ്കൂൾ, ബഡ്സ് സ്കൂൾ തുടങ്ങിയവയുള്ളത്. അതിനു ശേഷമുള്ള ഇവരുടെ ജീവിതം ചിട്ടപ്പെടുത്താനോ തൊഴിൽ പരിശീലനം നൽകി പുനരധിവസിപ്പിക്കാനോ കാര്യക്ഷമമായ ഒരു സംവിധാനവുമില്ല. മാനസിക, ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ ആജീവനാന്ത സംരക്ഷണം സർക്കാർ ഏറ്റെടുക്കണമെന്നും ഇവർക്കാവശ്യമായ പുനരധിവാസ കേന്ദ്രം (റീഹാബിലിറ്റേഷൻ സെന്റർ) ആരംഭിക്കാൻ സർക്കാർ ഇനിയും വൈകരുതെന്നും തൃശൂർ ഓട്ടിസം സ്പെഷ്യൽ സ്കൂൾ പ്രിൻസിപ്പൽ പ്രൊഫ.വിജയലക്ഷ്മി പറഞ്ഞു. മാനസിക, ശാരീരിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് നിഷ്ചിന്തയെന്ന ഒരു പുനരധിവാസ കേന്ദ്രമൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് വിജയലക്ഷ്മി. നൂറ് രക്ഷിതാക്കൾ ചേർന്ന് പാലക്കാട് ഒരുക്കുന്ന കേന്ദ്രത്തിന്റെ പ്രാരംഭ നടപടികൾ പൂർത്തിയായിട്ടുണ്ട്.

വേണം പ്രത്യേക

പാഠ്യപദ്ധതികൾ

സ്പെഷ്യൽ സ്കൂളുകളിൽ മനഃശാസ്ത്രജ്ഞൻ, സംസാരഭാഷാ വിദഗ്ദ്ധൻ, ഒക്യുപ്പേഷണൽ തെറാപ്പിസ്റ്റ്, സ്‌പെഷ്യൽ എഡ്യുക്കേറ്റർ എന്നീ പരിശീലകർ കുട്ടിയുടെ കഴിവിന്റെയും വയസിന്റെയും അടിസ്ഥാനത്തിലുള്ള പരിശീലനം നല്‌കുന്നുണ്ടെങ്കിലും തൊഴിൽ പരിശീലനത്തിലുള്ള പ്രത്യേക പാഠ്യപദ്ധതികൾ കൂടി ആവിഷ്‌കരിക്കേണ്ടതുണ്ട്. സംസ്ഥാനത്ത് സ്‌പെഷ്യൽ സ്‌കൂളുകൾ കൂടുതൽ കാര്യക്ഷമമാക്കാൻ സ്‌കൂളുകളുടെ എണ്ണം വർദ്ധിപ്പിച്ച് ആവശ്യമായ ഫണ്ട് അനുവദിക്കണമെന്ന് ശിശുക്ഷേമ സമിതി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം എം.കെ.പശുപതി ആവശ്യപ്പെട്ടു.

മാതൃക വിദേശരാജ്യങ്ങൾ

വികസിത രാജ്യങ്ങളിൽ ഈ വിഭാഗത്തിൽ പെട്ട കുട്ടികളെ കൈകാര്യം ചെയ്യുന്ന രീതി മാതൃകാപരമാണ്. നേരത്തെയുള്ള ഇടപെടൽ വഴി അത്യാധുനിക സൗകര്യങ്ങളോടെ സൗജന്യ പരിചരണമാണ് ഇവർക്ക് ലഭിക്കുന്നത്.15, 16 വയസാകുമ്പോഴേക്കും കുട്ടികൾ രക്ഷിതാക്കളിൽ നിന്നും വിട്ടുനില്‌ക്കാൻ തുടങ്ങും.

സാമൂഹ്യ സുരക്ഷാ പരിധിയിലേക്ക് വന്നാൽ ആ കുട്ടിയുടെ ആജീവനാന്തസുരക്ഷയും പുനരധിവാസവും സർക്കാർ ഏറ്റെടുക്കുകയാണ്. അതുകൊണ്ട് തന്നെ അവിടങ്ങളിലെ രക്ഷിതാക്കൾക്ക് സമാധാനമായി കണ്ണടയ്ക്കാമെന്ന് ജർമ്മനിയിൽ താമസിക്കുന്ന കർണാടക സ്വദേശികളായ രക്ഷിതാക്കൾ സാക്ഷ്യപ്പെടുത്തുന്നു. പകൽ സമയങ്ങളിൽ ഇത്തരം കുട്ടികൾക്ക് ചെലവഴിക്കാൻ പകൽവീട് സംവിധാനവും അവിടെ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്.

അച്ഛനുറങ്ങാത്ത വീട്

ഓട്ടിസം ബാധിച്ച മൂന്ന് മക്കളെയും മാനസിക വെല്ലുവിളി നേരിടുന്ന ഭാര്യയെയും കൊണ്ട് തീരാദുരിതം അനുഭവിക്കുകയാണ് കൊല്ലം മൈനക്കാടിലെ സജി. മൂത്തമകൻ സെയ്ദലി (17), ഫാത്തിമ(14), സെയ്ഫലി (13) എന്നിവരുടെയും ഭാര്യ വിന്ദി മാത്യുവിന്റെയും ജീവിതം മുന്നോട്ട് പോകണമെങ്കിൽ സജി തന്നെ വേണം.

18 വർഷം മുൻപാണ് സജിയും വിന്ദിയും വിവാഹിതരായത്. നിർമ്മാണ തൊഴിലിന് പോയാണ് സജി ഇപ്പോൾ കുടുംബം പുലർത്തുന്നത്. മൂത്തമകനെ പ്രസവിച്ചതോടെയാണ് ഭാര്യയുടെ അസുഖം മൂർച്ഛിച്ചത്. ഇടയ്ക്ക് വിന്ദി മകനെ ഉപദ്രവിക്കുക പോലും ചെയ്തിട്ടുണ്ട്. .അതിനു ശേഷം സജിയുടെ മാതാവിന്റെ കൂടെയാണ് മൂത്ത മകൻ താമസിക്കുന്നത്. മറ്റ് രണ്ട് മക്കളെയും ഭാര്യയെയും തനിച്ചാക്കി പോയാൽ വീട്ടിലെത്തും വരെ സജിയുടെ മനസിൽ ആധിയാണ്. മക്കൾക്ക് മറ്റ് തെറാപ്പികളോ പരിശീലനങ്ങളോ ഒന്നും നല്‌കുന്നില്ലെന്ന് സജി പറഞ്ഞു. വാടകവീട്ടിൽ താമസിക്കുന്ന സജിക്ക് ലഭിക്കുന്ന തുച്ഛമായ വരുമാനത്തിലാണ് കുടുംബം മുന്നോട്ട് പോകുന്നത്. സ്വന്തമായി ഒരു വീട് ഈ കുടുംബത്തിന്റെ വലിയ ആവശ്യമാണ്.

പദ്ധതികൾ കുട്ടികളിൽ എത്തണം

ഇത്തരം കുട്ടികൾക്ക് വേണ്ടി സ‌ർക്കാർ നിരവധി പദ്ധതികൾ നടപ്പിലാക്കുന്നുണ്ടെങ്കിലും എല്ലാവരിലേക്കുമെത്തുന്നില്ല.നിലവിൽ കൊവിഡും അതിന് തടസമാകുന്നുണ്ട്. അർഹമായ ആനുകൂല്യം ഏതൊക്കെ കുട്ടികൾക്ക് ലഭിച്ചെന്ന് ബാലാവകാശ കമ്മിഷൻ വിശദമായി പരിശോധിക്കും. ഇത്തരം കുട്ടികൾ സമൂഹത്തിനകത്ത് സംരക്ഷിക്കപ്പെടണമെന്ന പൊതു ബോധമുണ്ടാക്കാനുള്ള നടപടി സർക്കാർ സ്വീകരിക്കണം.

കെ.വി. മനോജ്കുമാർ,

ബാലാവകാശ കമ്മിഷൻ ചെയർമാൻ

( അവസാനിച്ചു)