അഴീക്കോട് പഞ്ചായത്ത് കടവുകൾ നിശ്ചലം

അഴീക്കോട്: പഞ്ചായത്തുകളുടെ ചുമതലയിൽ 2017 മുതൽ നടന്നുവരുന്ന മണൽവാരലും വിതരണവും മറികടന്ന് അനധികൃത മണൽകടത്ത് വ്യാപകമായതോടെ അഴീക്കോട് പഞ്ചായത്തിന്റെ മൂന്ന് കടവുകളും നിശ്ചലമായി. നല്ല രീതിയിലും കുറ്റമറ്റ നിലയിലും ഗുണഭോക്താക്കൾക്ക് മിതമായ നിരക്കിലും മണൽനല്കിയ കടവുകളാണ് നിശ്ചലമായിരിക്കുന്നത്. തുറമുഖ വകുപ്പിനും പഞ്ചായത്തുകൾക്കും നല്ല വരുമാനം നേടിയെടുക്കാൻ ഈ കാലയളവിൽ കടവുകളിലൂടെ കഴിഞ്ഞിരുന്നു. മാത്രമല്ല, അഴീക്കോട് പഞ്ചായത്തിൽ മാത്രം നൂറിൽ അധികം ലോഡിംഗ് തൊഴിലാളികൾക്കും അത്രതന്നെ ടിപ്പർ തൊഴിലാളികൾക്കും ഇതുമൂലം വരുമാനമില്ലാതായി. 250-ൽ അധികം കുടുംബങ്ങളാണ് പട്ടിണിയിലായത്.
മണൽവിതരണ സംവിധാനത്തെ തകർക്കുന്ന രീതിയിൽ മണൽ മാഫിയയുടെ ഇടപെടലുണ്ടായതായാണ് ഇവർ ആരോപിക്കുന്നത്. ഇതിന് ചിലരുടെ ഒത്താശയുമുണ്ടെന്നും പറയുന്നു. കാലത്ത് ആറ് മണി മുതൽ ഉച്ചയ്ക്ക് ഒരു മണിവരെയാണ് മണൽ വാരുന്നതിന് പോർട്ട് അനുവദിച്ചിരിക്കുന്ന സമയം. ഈ സമയത്ത് പോർട്ട് സ്റ്റാഫും പഞ്ചായത്ത് കടവ് സൂപ്പർവൈസർമാരും കടവിൽ ഉണ്ടായിരിക്കണം എന്നാണ് നിയമം. എന്നാൽ ഇതൊന്നും പാലിക്കാതെയാണ് അനധികൃത മണലൂറ്റ് നടക്കുന്നതെന്നും വരുമാനം നഷ്ടമായവർ ആരോപിക്കുന്നു. പരാതി അധികൃതരെ അറിയിച്ച് അധികൃതർ പരിശോധന നടത്താൻ തയ്യാറായാൽ ഈ വിവരം മണൽ മാഫിയയെ അറിയിക്കുകയും ഒന്നോ രണ്ടോ ദിവസം മാറി നിൽക്കുകയും ചെയ്യും. വീണ്ടും പഴയപടി മണലൂറ്റ് ആവർത്തിക്കും.

ഫൈബർ വള്ളങ്ങളിൽ

പുലരുവോളം

രാത്രി 8 മണി ആകുമ്പോഴേക്കും 150-ൽ അധികം ഫൈബർ വള്ളങ്ങളിൽ ദൂരപരിധി ലംഘിച്ച് അനധികൃത മണൽവാരൽ നടക്കുകയാണ്. പുലർച്ചെ വരെ ഇത് തുടരുമെന്നും പറയുന്നു. മണൽവാരുന്ന അന്യസംസ്ഥാന തൊഴിലാളികൾക്ക് നല്ല
വരുമാനം കിട്ടും എന്നതിനാൽ ജോലിക്ക് ആളുകൾക്ക് പഞ്ഞമില്ല. അനധികൃത മണൽ വാരൽ തടയണമെന്ന് പലതവണ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് പരാതി.


അനധികൃത മണൽവാരലിന് എതിരെ ശക്തമായ നടപടി തുറമുഖ വകുപ്പ് അധികൃതരും പൊലീസും സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, തുറമുഖ മന്ത്രി, കളക്ടർ, ജില്ലാ പൊലീസ് ചീഫ് എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്.

ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ