കണ്ണൂർ: പോളിടെക്നിക് വിദ്യാർത്ഥിയെ ഹോസ്റ്റലിനുള്ളിലെ ഒഴിഞ്ഞ മുറിയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പിതാവ്. മരണത്തിൽ ദുരൂഹതയുണ്ടെന്നും മരിക്കാൻ തക്കതായ കാരണങ്ങളൊന്നും മകന് ഇല്ലായിരുന്നെന്നും അശ്വന്തിന്റെ പിതാവ് ശശി എടക്കാട് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. രാത്രിവരെ സന്തോഷിച്ചിരുന്ന മകൻ പെട്ടെന്ന് ഒരു കാരണവുമില്ലാതെ മരിച്ചെന്ന് പറഞ്ഞാൽ വിശ്വസിക്കാനാവില്ലെന്നും പിതാവ് പറഞ്ഞു. എടക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അശ്വന്തിന്റെ ഫോണും മറ്റും പരിശോധിക്കണമെന്ന് എടക്കാട്
പൊലീസ് പറഞ്ഞു. അതേസമയം വിദ്യാർത്ഥിയുടെ പോസ്റ്റ്മോർട്ടം ഇന്ന് കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ നടക്കും. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷമേ കൂടുതൽ കാര്യങ്ങൾ പറയാൻ സാധിക്കുവെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞദിവസം രാവിലെയാണ് കണ്ണൂർ തോട്ടട പോളിടെക്നിക് കോളേജിലെ അവസാനവർഷ ഇലക്ട്രോണിക്സ് വിദ്യാർത്ഥിയായ കോഴിക്കോട് നടുവണ്ണൂർ മൂലാട് തച്ചോലത്ത് ഹൗസിൽ എസ്. അശ്വന്തി (19) നെ ഹോസ്റ്റലിലെ ഒഴിഞ്ഞമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി 11 വരെ നവാഗതരെ സ്വാഗതം ചെയ്യുന്നതിനായുള്ള ഒരുക്കങ്ങളിൽ അശ്വന്ത് ഏർപ്പെട്ടിരുന്നു. സഹപാഠികളെയെല്ലാം ചോദ്യം ചെയ്തിരുന്നെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ലെന്നാണ് പൊലീസ് പറയുന്നത്.