മാഹി: കേരളത്തിൽ കൊവിഡ് വാക്സിൻ എടുക്കാത്ത അദ്ധ്യാപകർക്കെതിരെ സർക്കാർ കടുത്ത നടപടി സ്വീകരിക്കാനൊരുങ്ങുമ്പോൾ മാഹിയിൽ ഒരു ചെറുവിഭാഗം അദ്ധ്യാപകർ പ്രതിരോധ കുത്തിവയ്പ്പ് എടുക്കാൻ വിസമ്മതിക്കുന്നത് സഹഅദ്ധ്യാപകർക്കും, വിദ്യാർത്ഥികൾക്കും, രക്ഷിതാക്കൾക്കും ആശങ്കയുണർത്തുന്നു.
സ്‌കൂൾ തുറക്കുന്നതിന് മുമ്പു തന്നെ പുതുച്ചേരി വിദ്യാഭ്യാസ ഡയറക്ടർ ഇറക്കിയ സർക്കുലറിൽ മുഴുവൻ അദ്ധ്യാപകരും നിർബന്ധമായും വാക്സിൻ എടുത്തിരിക്കണമെന്നും, അല്ലാത്തവർ അവധിയെടുത്ത് വീട്ടിലിരിക്കണമെന്നും അറിയിച്ചിരുന്നുവെങ്കിലും, മാഹിയിൽ തുടർനടപടികളുണ്ടായില്ല. ഏതെല്ലാം വിദ്യാലയങ്ങളിൽ ഏതൊക്കെ അദ്ധ്യാപകർ വാക്സിനെടുത്തില്ലെന്ന കണക്ക് ചോദിക്കാൻ വിദ്യാഭ്യാസ മേലദ്ധ്യക്ഷനും, കൃത്യമായ കണക്ക് നൽകാൻ പ്രധാന അദ്ധ്യാപകനും ബാദ്ധ്യതയുണ്ടെന്നും ഒന്നുമുണ്ടായില്ല. ഇടക്കാലത്ത് നാമമാത്രമായ ആളുകളിലേക്ക് ഒതുങ്ങിയ കൊവിഡ് കണക്ക് ഇപ്പോൾ മാഹിയിൽ വർദ്ധിച്ചുവരുന്നത്, ആശങ്കയോടെയാണ് മയ്യഴിക്കാർ കാണുന്നത്.