ആലക്കോട്: പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ മലയോര ജനതയുടെ ഒരു സ്വപ്നംകൂടി പൂവണിയുന്നു. തളിപ്പറമ്പ് -ആലക്കോട് -കൂർഗ്ഗ് ബോർഡർ സംസ്ഥാന പാതയിലുള്ളതും 62 വർഷം പഴക്കമുള്ളതുമായ കരുവൻചാൽ പാലത്തിനു പകരം പുതിയ പാലം നിർമ്മിക്കുന്നതിന്റെ ടെണ്ടർ നടപടികൾ ആരംഭിച്ചു. 6.8 കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന പുതിയ പാലത്തിന് സംസ്ഥാന സർക്കാർ ഭരണാനുമതി നൽകിക്കഴിഞ്ഞതായി ഇരിക്കൂർ എം.എൽ.എ അഡ്വ. സജീവ് ജോസഫ് അറിയിച്ചു.

പാലം നിർമ്മാണത്തിന്റെ ആദ്യഘട്ട പ്രവർത്തനങ്ങൾക്കായി 2.1 കോടി രൂപയും അനുവദിച്ചു. മലയോരത്തെ ഏറ്റവും പഴക്കം ചെന്നതും വീതികുറഞ്ഞതും തകർച്ചാഭീഷണി നേരിടുന്നതുമായ ആലക്കോട്, കരുവൻചാൽ പാലങ്ങൾക്ക് പകരം പുതിയ പാലങ്ങൾ നിർമ്മിക്കണമെന്ന ദീർഘകാലമായുള്ള ആവശ്യമാണ് ഇപ്പോൾ യാഥാർത്ഥ്യമാകുന്നത്. മലയോര ഹൈവേയുടെ ഭാഗം കൂടിയായതിനാൽ അനുദിനം വർദ്ധിച്ചുവരുന്ന വാഹനത്തിരക്കുമൂലം വീതികുറഞ്ഞ ഈ പാലങ്ങളിൽ ഗതാഗതക്കുരുക്ക് നിത്യസംഭവമാണ്. വേനൽക്കാലം ആരംഭിക്കുന്നതോടുകൂടി ടെണ്ടർ നടപടികൾ പൂർത്തിയാക്കി പാലം നിർമ്മാണം ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.