കൂത്തുപറമ്പ്: ദേശീയ സീനിയർ വനിതാ ഫുട്‌ബാൾ ചാമ്പ്യൻഷിപ്പിൽ ഗ്രൂപ്പ് എയിൽ നിന്ന് മണിപ്പൂർ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. വ്യാഴാഴ്ച രാവിലെ കൂത്തുപറമ്പ് നഗരസഭാ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിലാണ് മണിപ്പൂർ ജേതാക്കളായത്. എതിരില്ലാത്ത 5 ഗോളുകൾക്ക് ദാമൻ ദിയുവിനെ തോൽപ്പിച്ചായിരുന്നു നിലവിലുള്ള ചാമ്പ്യന്മാരുടെ വിജയം.
വൈകിട്ട് നടന്ന പോണ്ടിച്ചേരി- മേഘാലയ മത്സരത്തിൽ മേഘാലയക്കായിരുന്നു വിജയം. എതിരില്ലാത്ത നാല് ഗോളുകൾക്കായിരുന്നു മേഘാലയയുടെ ആശ്വാസജയം.
ഇന്നലത്തെ മത്സരത്തോടെ കൂത്തുപറമ്പ് നഗരസഭാ സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് എയിൽ നിന്നുള്ള മത്സരങ്ങൾ സമാപിച്ചു. ഇന്ന് രാവിലെ നടക്കുന്ന ഗ്രൂപ്പ് സി മത്സരത്തിൽ ഹിമാചൽ പ്രദേശ് അസമുമായും, രാജസ്ഥാൻ ബീഹാറുമായും ഏറ്റുമുട്ടും. ഈ മത്സരത്തോടെ ഗ്രൂപ്പ് സിയിൽ നിന്നും ക്വാർട്ടർ ഫൈനലിലെത്തുന്ന ടീമിനെ കണ്ടെത്താനാകും. ഞായറാഴ്ച ഉച്ചക്ക് 2.30നാണ് ക്വാർട്ടർ ഫൈനൽ മത്സരം നടക്കുക.