കണ്ണൂർ: റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ്, അഗ്നിശമന സേന, പൊലീസ്, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങി എല്ലാ വകുപ്പുകളെയും ചേർത്ത് കൊണ്ട് കേരളത്തിൽ ദുരന്ത നിവാരണ സാക്ഷരതക്ക് തുടക്കം കുറിക്കുമെന്ന് റവന്യൂ ഭവന നിർമ്മാണം വകുപ്പ് മന്ത്രി കെ. രാജൻ പറഞ്ഞു. കൂടാളി സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കേരളത്തിൽ ദുരന്ത നിവാരണത്തിനായി അടിസ്ഥാനപരമായ സാക്ഷരത ഉണ്ടാക്കണം. ഓരോ പ്രദേശത്തും അതിന്റെ ചുറ്റും ഉണ്ടാകാൻ പോകുന്ന പ്രകൃതിദുരന്തങ്ങളെക്കുറിച്ച് നേരത്തെ തന്നെ വിവരങ്ങൾ ലഭിക്കത്തക്ക വിധത്തിൽ ജനങ്ങളുടെ ഉത്തരവാദിത്തത്തിലേക്ക് അതിനെ കൊണ്ടുവന്ന് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് വേണ്ടിയാണിതെന്നും മന്ത്രി പറഞ്ഞു.
കെ.കെ ശൈലജ എം.എൽ.എ അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ, സ്ഥിരം സമിതി അദ്ധ്യക്ഷൻ വി.കെ സുരേഷ് ബാബു, ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ, എ.ഡി.എം കെ.കെ ദിവാകരൻ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ എം. രതീഷ്, കൂടാളി പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഷൈമ, അംഗം പി.പി ലക്ഷ്മണൻ, ഡെപ്യൂട്ടി കളക്ടർ (എൽ.എ ) തലശ്ശേരി ആർ.ഡി.ഒ ഇൻ ചാർജ് പി.വി രഞ്ജിത്ത്, മുൻമന്ത്രി ഇ.പി ജയരാജൻ, പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം തലശ്ശേരി എക്സിക്യൂട്ടീവ് എൻജിനീയർ കെ. ജിഷ കുമാരി പങ്കെടുത്തു.