പയ്യന്നൂർ: വ്യാജ ഖാദി തടയുന്നത് സംബന്ധിച്ച് സർക്കാറുമായി ചർച്ച ചെയ്തു ഫലപ്രദമായ നടപടി സ്വീകരിക്കുമെന്ന് ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ പറഞ്ഞു. ചുമതല ഏറ്റെടുത്ത ശേഷം പയ്യന്നൂർ ഖാദി കേന്ദ്രം സന്ദർശിച്ച് വാർത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖാദിയുടെ പരിശുദ്ധിയിലും വിശ്വാസതയിലും ജനങ്ങൾക്കുള്ള മതിപ്പ് ഉൾക്കൊണ്ട് മാർക്കറ്റിംഗ് ശക്തിപ്പെടുത്തുകയാണ് വേണ്ടത്. 75 താലൂക്ക് കേന്ദ്രങ്ങളിൽ പുതുതായി സെയിൽസ് ഡിപ്പോകൾ ആരംഭിക്കുന്നതിനുള്ള നടപടികൾ നടന്നുവരികയാണ്.

ഖാദി വിപണനത്തിനായി ഓൺലൈൻ മാർക്കറ്റിംഗ് കൂടി ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കണം. ഇതോടൊപ്പം ഖാദി തൊഴിലാളികളുടെ കായികാദ്ധ്വാനത്തിൽ കുറവ് വരുത്തുന്നതിന് സൗരോർജം തുടങ്ങിയ ഊർജ മേഖലകൾ ഉപയോഗപ്പെടുത്തി ആധുനികവൽക്കരണം നടത്തി ഉൽപ്പാദനം വർദ്ധിപ്പിക്കാൻ കഴിയണം. ചെന്നൈ ഐ.ഐ.ടിയിൽ നിന്ന് സാങ്കേതിക ഉപദേശങ്ങൾ തേടിയിട്ടുണ്ടെന്നും ഇതിനെ പറ്റി ചർച്ച ചെയ്യുവാനായി ഈ രംഗത്തെ വിദഗ്ദ്ധരുടെ ശിൽപശാല സംഘടിപ്പിക്കുമെന്നും പി. ജയരാജൻ പറഞ്ഞു.

ടി.ഐ. മധുസൂദനൻ എം.എൽ.എ, മുൻ എം.എൽ.എ സി. കൃഷ്ണൻ, പയ്യന്നൂർ ഖാദി കേന്ദ്രം ഡയറക്ടർ മാധവൻ നമ്പൂതിരി തുടങ്ങിയവരും വൈസ് ചെയർമാനോടൊപ്പം ഉണ്ടായിരുന്നു. കെ. ധനഞ്ജയൻ, കെ. സത്യഭാമ, കെ.യു രാധാകൃഷ്ണൻ, ടി.വി. വിനോദ് തുടങ്ങിയവരുടെ നേതൃത്വത്തിൽ തൊഴിലാളികളും ജീവനക്കാരും ചേർന്ന് സ്വീകരിച്ചു. കേന്ദ്രത്തിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി. പിന്നീട് ഖാദി വസ്ത്ര നിർമ്മാണ യൂണിറ്റും ഖാദി സൗഭാഗ്യയും പി. ജയരാജൻ സന്ദർശിച്ചു.