k-sudhakaran-mambaram-div

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സഹകരണ സ്ഥാപനങ്ങളും സംഘങ്ങളുമുള്ള ജില്ലയാണ് കണ്ണൂർ. കടലാസ് സംഘങ്ങൾ മുതൽ കോടികൾ ആസ്തിയുള്ളതു വരെ ഇവിടെയുണ്ട്. സി.പി. എം നിയന്ത്രണത്തിലുള്ള സംഘങ്ങളാണ് ഏറെയും. എന്നാൽ അവർ തേങ്ങ ഉടയ്ക്കുമ്പോൾ തങ്ങൾ ചിരട്ടയെങ്കിലും മുട്ടണമെന്ന വിശ്വാസത്തിൽ കോൺഗ്രസ് നിയന്ത്രണത്തിലുള്ള ഏതാനും സംഘങ്ങളും കണ്ണൂരിലുണ്ട്. സഹകരണ സംഘങ്ങൾ രാഷ്ട്രീയ പാർട്ടികൾക്ക് അഭിമാനസ്തംഭങ്ങൾ കൂടിയാണ്. സംഘങ്ങളുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് ആൾബലവും സംഘബലവും വർദ്ധിക്കുമെന്നതാണ് സഹകരണ പ്രത്യയശാസ്ത്രം.

സഹകരണ സംഘങ്ങൾ നിലനിറുത്താനും പിടിച്ചെടുക്കാനും തെരുവ് യുദ്ധങ്ങൾ തന്നെ നടന്ന നാടാണ് കണ്ണൂരെന്നത് ചരിത്രം. ഐഡന്റിറ്റി കാർഡ് തട്ടിയെടുക്കൽ, എതിരാളികളെ ഭീഷണിപ്പെടുത്തൽ, സ്ഥാനാർത്ഥികളെ തട്ടിക്കൊണ്ടുപോകൽ, ബോംബേറ് തുടങ്ങിയ കലാപരിപാടികൾക്ക് പുറമെ തമ്മിൽത്തല്ലി ചോര ചിന്തിയ സഹകരണ സംഘം തിരഞ്ഞെടുപ്പ് വരെ കണ്ണൂർ കണ്ടിട്ടുണ്ട്. കണ്ണൂരിലെ എ.കെ. ജി ആശുപത്രി, പരിയാരം മെഡിക്കൽ കോളേജ് തുടങ്ങിയവയുടെ തിരഞ്ഞെടുപ്പുകൾ അവയിൽ ചിലത് മാത്രമാണ്.

അതൊക്കെ പഴങ്കഥയായി കരുതുന്നതിനിടെയാണ് വീണ്ടും ഒരു സഹകരണ സംഘം തിരഞ്ഞെടുപ്പിന് കണ്ണൂരിൽ കളമൊരുങ്ങുന്നത്. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പേരിൽ തലശേരിയിൽ പ്രവർത്തിക്കുന്ന സഹകരണ ആശുപത്രിയുടെ പേരിലാണ് കൊമ്പു കോർക്കൽ. സാധാരണ സി.പി. എമ്മും കോൺഗ്രസും തമ്മിലാണ് മത്സരം . എന്നാൽ നാളെ നടക്കുന്ന തിരഞ്ഞെടുപ്പിൽ പോര് കോൺഗ്രസും കോൺഗ്രസും തമ്മിലാണ് .

കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെ അനുകൂലിക്കുന്ന വിഭാഗവും നിലവിലുള്ള ആശുപത്രി പ്രസിഡന്റും കെ.പി.സി.സി അംഗവുമായിരുന്ന മമ്പറം ദിവാകരനും തമ്മിലുള്ള ഗ്രൂപ്പ് തിരിഞ്ഞ പോര്. കോൺഗ്രസ് നേതൃത്വവുമായി ആലോചിക്കാതെ മത്സരത്തിനിറങ്ങിയതിന്റെ പേരിൽ മമ്പറം ദിവാകരനെ കോൺഗ്രസ് പുറത്താക്കി. കാൽനൂറ്റാണ്ടിലേറെയായി പ്രസിഡന്റ് സ്ഥാനത്ത് തുടരുന്ന ദിവാകരനെ പുറത്താക്കിയത് എന്തിനാണെന്ന ചോദ്യത്തിന് കോൺഗ്രസിനെ ധിക്കരിച്ചുവെന്നാണ് നേതാക്കൾ നൽകുന്ന മറുപടി. പുറത്താക്കപ്പെട്ട താൻ മരണം വരെ കോൺഗ്രസുകാരനായി തുടരുമെന്നാണ് ദിവാകരൻ പറയുന്നത്.

മമ്പറം ദിവാകരനെ പുറത്താക്കി ഭരണം പിടിക്കാനുള്ള ഒളിയുദ്ധമാണ് ഇപ്പോൾ കോൺഗ്രസിൽ . തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ഔദ്യോഗിക പാനലിനെതിരെ പ്രതിരോധതന്ത്രങ്ങൾ മെനയുന്നതിനിടെയാണ് ദിവാകരനെതിരെ അച്ചടക്ക നടപടി വന്നത്.

ഏറെക്കാലമായി കണ്ണൂർ കോൺഗ്രസിലെ പ്രമുഖരായ ദിവാകരനും സുധാകരനും തമ്മിൽ പരസ്യ ഏറ്റുമുട്ടൽ തുടരുകയായിരുന്നു. ദിവാകരന്റെ പാനലിൽ സി.പി. എം നോമിനികൾ കൂടി ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സുധാകര അനുകൂലികളുടെ ആരോപണം. മുമ്പ് നടന്ന തിരഞ്ഞെടുപ്പിൽ മുൻ കെ.പി.സി.സി ജനറൽ സെക്രട്ടറി സുമാ ബാലകൃഷ്ണൻ, സി.ടി. സജിത് എന്നിവർ തോറ്റതു മുതൽ സുധാകര പക്ഷം ജാഗ്രതയിലായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സുധാകരനെതിരെ ദിവാകരൻ പരസ്യമായി രംഗത്തു വന്നതും തുറന്ന പോരിന് കാരണമായി.

മമ്പറം ദിവാകരനെ ഒഴിവാക്കിക്കൊണ്ടുള്ള പാനലാണ് ഡി.സി.സിയുടെ നേതൃത്വത്തിൽ മത്സരരംഗത്തുള്ളത്. തുടർന്ന് ദിവാകരൻ മറ്റൊരു പാനലുമായി രംഗത്ത് വരികയായിരുന്നു. മമ്പറത്ത് കോൺഗ്രസിന് മേൽവിലാസം നേടിക്കൊടുത്ത ദിവാകരനെ മാറ്റിനിറുത്തിയാൽ തിരിച്ചടി കനത്തതായിരിക്കുമെന്നും അദ്ദേഹത്തെ അനുകൂലിക്കുന്നവർ പറയുന്നു.

കെ. സുധാകരൻ കെ.പി.സി.സി പ്രസിഡന്റാകുന്നതിനെതിരെ മമ്പറം ദിവാകരൻ ശക്തമായ പ്രതിഷേധമുയർത്തിയത് ഔദ്യോഗികവിഭാഗത്തെ പ്രകോപിച്ചു. സുധാകരൻ സാമ്പത്തിക ക്രമക്കേടുകൾ നടത്തിയെന്നും സംഘടനാ രംഗത്ത് അതിക്രമങ്ങൾ കാണിച്ചെന്നും സ്വകാര്യ ടി.വി. ചാനലിൽ പറഞ്ഞത് കോൺഗ്രസിനെ ഞെട്ടിച്ചിരുന്നു.

പുറത്താകുന്നത് എതിരില്ലാത്ത

സംഘാടകമികവ്

കോൺഗ്രസിന് അഭിമാനമാകുന്ന തരത്തിൽ ഇന്ദിരാഗാന്ധി ആശുപത്രിയെ ഉയർത്തിയത് ദിവാകരന്റെ സംഘാടക മികവാണെന്ന് പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നു . ലിക്വിഡേഷൻ നടപടി നേരിട്ടിരുന്ന ആശുപത്രിയെ ലാഭത്തിലെത്തിച്ചതും ദിവാകരന്റെ ഇടപെടലുകളായിരുന്നു. ആശുപത്രി വികസനവുമായി ബന്ധപ്പെട്ട് പത്ത് കോടിയിൽ പരം രൂപ ചെലവിൽ നിർമ്മിക്കുന്ന സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിക്കെതിരെ സുധാകര പക്ഷം നേതാവ് സി.ടി. സജിത്തിന്റെ നേതൃത്വത്തിൽ പരാതിയുയർന്നപ്പോൾ മമ്പറം അപകടം മണത്തു. സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയുടെ നിർമ്മാണം നിലച്ചതിനെ തുടർന്ന് കോടിക്കണക്കിന് രൂപയുടെ ബാദ്ധ്യതയാണുണ്ടായത്. ദിവാകരനെ പൂട്ടാൻ തക്കം പാർത്തുനിന്ന സുധാകര പക്ഷത്തിന് ഇന്ദിരാഗാന്ധി ആശുപത്രി തിരഞ്ഞെടുപ്പ് അവസരമായി.

സി.പി .എം നിരീക്ഷിക്കുന്നു

മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെയുള്ള സി.പി. എം നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്ന ദിവാകരന്റെ നീക്കം കോൺഗ്രസ് അണികൾ ആകാംക്ഷയോടെയാണ് കാണുന്നത്. സുധാകരനോടുള്ള ആജന്മ ശത്രുത കാരണം സി.പി.എം ദിവാകരനെ സഹായിക്കുമോ എന്ന് പലരും സംശയിക്കുന്നുണ്ട്. ജയിച്ചേ തീരൂ എന്ന വാശിയിലാണ് കോൺഗ്രസ്. പരമാവധി വോട്ടർമാരെ എത്തിച്ച് ഐഡി.കാർഡ് വാങ്ങിക്കാൻ പ്രാദേശിക നേതാക്കളോട് പാർട്ടി ആവശ്യപ്പെട്ടിട്ടുണ്ട്.

തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പിൽ പാർട്ടി നിർദ്ദേശത്തിന് വഴങ്ങാത്തതിനാണ് മമ്പറം ദിവാകരനെ പാർട്ടിയിൽ നിന്നു പുറത്താക്കിയതെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് പറയുന്നു. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ ആരംഭിച്ചതു മുതൽ പലതവണ ആശുപത്രി പ്രസിഡന്റ് കൂടിയായ മമ്പറം ദിവാകരനുമായി സമവായ ചർച്ച നടത്തിയിരുന്നു. കോൺഗ്രസ് നല്‌കുന്ന ലിസ്റ്റിൽ നിന്നുള്ളവരെ കൂടി ഉൾപ്പെടുത്തണമെന്നായിരുന്നു ആവശ്യം. എന്നാൽ ഈ ലിസ്റ്റ് തള്ളി സ്വന്തം പാനലിൽ നിന്നുള്ളവരെ മത്സരിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. പ്രശ്‌നപരിഹാരത്തിന് കെ.മുരളീധരൻ എം.പിയും മേയർ അഡ്വ. ടി.ഒ മോഹനനും ഉൾപ്പെടെയുള്ളവർ ദിവാകരനുമായി ബന്ധപ്പെട്ടെങ്കിലും തീരുമാനം മാറ്റാത്ത സാഹചര്യത്തിലാണ് പാർട്ടിയിൽ നിന്നു പുറത്താക്കിയതെന്നാണ് ഡി.സി.സി പ്രസിഡന്റ് പറയുന്നത്. ഇന്ദിരാഗാന്ധിയുടെ പേരിലുള്ള ആശുപത്രിയിൽ ഒരു മത്സരം ഒഴിവാക്കാൻ ഡി.സി.സി പരമാവധി ശ്രമിച്ചിട്ടും നടക്കാത്ത സാഹചര്യമാണ് ഉണ്ടായതെന്നും അദ്ദേഹം പറയുന്നു.

ദിവാകരനും പറയാനുണ്ട്

ഒരുപാട് കാലം ഇന്ദിരാഗാന്ധിക്ക് ഭ്രഷ്ട് കല്‌പിച്ചവരാണ്, 'ജീവിതം മുഴുവൻ നെഹ്‌റു കുടുംബവുമായി ആത്മബന്ധം പുലർത്തിവരുന്ന തന്നെ കമ്യൂണിസ്റ്റ് ചാരനെന്ന് അധിക്ഷേപിക്കുന്നതെന്ന് ദിവാകരൻ പറയുന്നു.
ചങ്കിലെ ചോര കൊടുത്തും ആശുപത്രി സംരക്ഷിക്കും. അച്ചടക്കമുള്ള കോൺഗ്രസ്സ് പ്രവർത്തകൻ എന്ന നിലയിൽ കോംപ്രമൈസിന് പല തവണ തയ്യാറായിട്ടുള്ളയാളാണ് താനെന്നും അദ്ദേഹം പറയുന്നു.
തിരഞ്ഞെടുപ്പിന് മുമ്പ് ഉമ്മൻ ചാണ്ടിയും, രമേശ് ചെന്നിത്തലയുമെല്ലാം വിളിച്ചിരുന്നു. തന്നെ ആശുപത്രി പ്രസിഡന്റാക്കുന്നതിൽ സുധാകരന് ഒരു പങ്കുമില്ല'. കെ.സുധാകരൻ ഏറ്റെടുത്ത ഒരു സ്ഥാപനവും ഇന്ന് പ്രവർത്തിക്കുന്നില്ല. എന്നാൽ ഇന്ദിരാജിയുടെ നാമധേയത്തിൽ താൻ കെട്ടിപ്പടുത്ത ആശുപത്രികൾ മാത്രമല്ല, സ്‌കൂളും ഉദ്യാനവും സ്വിമ്മിംഗ് പൂളും സ്റ്റേഡിയവും തലയെടുപ്പോടെ നിലനില്‌ക്കുന്നുണ്ട്. ഇന്ദിരാഗാന്ധി ആശുപത്രിയുടെ സ്ഥലമെടുപ്പ് മുതൽ കെട്ടിട നിർമ്മാണം വരെയുള്ള ഓരോ ഘട്ടത്തിലും എതിർപ്പും കോടതിയുമായി നടന്നവരാണ് ആശുപത്രിയുടെ രക്ഷകരായി എത്തിയിട്ടുള്ളതെന്നാണ് ദിവാകരന്റെ വാദം.

നേട്ടവും നഷ്ടവും

നിലവിലെ പ്രസിഡന്റ് മമ്പറം ദിവാകരൻ നേതൃത്വം നല്‌കുന്ന പാനൽ ജയിച്ചാൽ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് കനത്ത തിരിച്ചടിയാണ്. മറിച്ചായാൽ കോൺഗ്രസിന്റെ ഓദ്യോഗിക പാനലിന്റെ വിജയം കൂടിയായി മാറും.
ദിവാകരനെ പുറത്താക്കിയാണ് കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. കോൺഗ്രസിന്റെ ഔദ്യോഗിക പാനൽ പരാജയപ്പെട്ടാൽ ദിവാകരനെ പെട്ടെന്ന് പുറത്താക്കിയതിനെതിരെ പാർട്ടിക്കുള്ളിൽ തന്നെ വിമർശനം ഉയരും. കോൺഗ്രസിന് പേരിനെങ്കിലും സ്വന്തമായ ഒരു സ്ഥാപനം നഷ്ടപ്പെടുത്തിയെന്ന പേരുദോഷം കേൾക്കേണ്ടി വന്നേക്കാം.

കോൺഗ്രസിലെ സുധാകരവിരുദ്ധരായ പല നേതാക്കളുമായി മമ്പറം ദിവാകരന് നല്ല ബന്ധമുണ്ട്. പക്ഷെ ഔദ്യോഗിക തീരുമാനം ദിവാകരൻ അനുസരിക്കണം എന്നാണ് അവരുടെയും തീരുമാനം. ഒരു കൂട്ടം വ്യവസായികളും പാർട്ടിക്കാരല്ലാത്തവരും നിയന്ത്രിക്കുന്ന സ്ഥാപനമായി ഇന്ദിരാഗാന്ധി ആശുപത്രിയെ മാറ്റിയെന്ന ആരോപണവും ദിവാകരനെതിരെയുണ്ട്.

കച്ചവട താത്പര്യമുള്ള ചില കോൺഗ്രസ് നാമധാരികളാണ് ആശുപത്രി പാനലിലെതിരെ മത്സരിക്കുന്നതെന്നും അംഗങ്ങൾ അത് തിരിച്ചറിയുമെന്നും മമ്പറം ദിവാകരൻ പറയുന്നു. ഒരു സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയാക്കി ഉയർത്താൻ സഹകരിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. അതേ സമയം പത്തുകോടി രൂപയുടെ നഷ്ടമാണ് ആശുപത്രി ഇതുവരെ വരുത്തിവെച്ചതെന്ന് ഡി.സി.സി നേതൃത്വം പറയുന്നു.കോൺഗ്രസ് തുടങ്ങുകയും കെ. സുധാകരൻ മമ്പറം ദിവാകരനെ ഏല്‌ക്കുകയും ചെയ്ത സ്ഥാപനമാണ് ഇന്ന് വലിയ കടബാദ്ധ്യത വരുത്തിവെച്ചതെന്നും ഡി.സി.സി ആരോപിക്കുന്നു.