കാഞ്ഞങ്ങാട്: വർഷങ്ങൾക്ക് മുമ്പ് കാണാതായ യുവതിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥർ കോടതിയിൽ നുണ പരിശോധനക്ക് അനുമതി തേടി. തായന്നൂർ മോയാളം ആദിവാസി കോളിനിയിലെ രേഷ്മയുടെ തിരോധാനത്തിനു പിന്നിൽ പ്രവർത്തിച്ചു എന്നു കരുതുന്ന രണ്ടു പേരെ നുണപരിശോധനക്ക് വിധേയമാക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ബേക്കൽ ഡിവൈ.എസ്.പി സി.കെ സുനിൽകുമാറാണ് ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (ഒന്ന്)യിൽ അപേക്ഷ നൽകിയത്. കോടതി അപേക്ഷ ഇന്ന് പരിഗണിക്കും.
കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കെ.പി.ജെ.എസ് കാഞ്ഞങ്ങാട് മിനിസിവിൽ സ്റ്റേഷന് മുന്നിൽ സെപ്തംബർ 29ന് ഉപരോധ സമരം നടത്തിയിരിന്നു. 2010 മേയ് മാസത്തിലാണ് രാമൻ- കല്ല്യാണി ദമ്പതികളുടെ മകൾ രേഷ്മ(19)യെ കാണാതായത്. കാഞ്ഞങ്ങാട് കരിത്താസ് ഹോസ്റ്റലിൽ താമസിച്ച് പ്രൈമറി ടിച്ചേഴ്സ് ട്രൈനിംഗ് കോഴിസിനു പഠിക്കുകയായിരുന്നു പെൺകുട്ടി. കേസെടുത്ത പൊലീസ് അന്വേഷണം കാര്യക്ഷമമായി നടത്തിയില്ലെന്നാണ് രേഷ്മയുടെ ബന്ധുക്കൾ പറയുന്നത്.