കണ്ണൂർ: കെ.എസ്.ആർ.ടി.സി ബസിൽ കടത്തുകയായിരുന്ന പത്ത് കിലോഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. ചാലക്കുടി സ്വദേശി ചേരങ്ങാടൻ ഹൗസിൽ സി.എൽ. ജെയിംസി (39)നെയാണ് ടൗൺ സി.ഐ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തത്. കാസർകോട് ഭാഗത്ത് നിന്ന് വരുന്ന ബസിൽ യുവാവ് കറുത്ത ബാഗിൽ കഞ്ചാവ് കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് സിറ്റി പൊലീസ് കമ്മീഷണർ ആർ. ഇളങ്കോ, എ.സി.പി പി.പി. സദാനന്ദൻ എന്നിവരുടെ നിർദ്ദേശാനുസരണമാണ് ടൗൺ പൊലീസ് ഇയാളെ പിടികൂടിയത്.
കളക്ടറേറ്റിന് സമീപം വച്ചാണ് പ്രതിയെ പിടികൂടിയത്. ആന്ധ്രാപ്രദേശിൽ നിന്നുമാണ് ജെയിംസ് കഞ്ചാവ് എത്തിക്കുന്നത്. ജെയിംസിന്റെ പേരിൽ ചാലക്കുടി സ്റ്റേഷനിൽ വധശ്രമത്തിനടക്കം കേസുണ്ട്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. എസ്.ഐ അഖിൽ, ഷാഡോ പൊലീസിലെ എസ്.ഐ മഹിജൻ, അജിത്ത്, മിഥുൻ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.