hospitel

തിരഞ്ഞെടുപ്പ് നാളെ

തലശ്ശേരി: കോൺഗ്രസുകാർ പരസ്പരം പോരിനിറങ്ങിയ ജില്ലയിലെ പ്രമുഖസഹകരണ ആശുപത്രിയായ ഇന്ദിരാഗാന്ധി ആശുപത്രി ഭരണസമിതിയിലേക്കുള്ള നാളെ നടക്കുന്ന വോട്ടെടുപ്പ് സംസ്ഥാനമാകെ ഉറ്റുനോക്കുന്നു. കെ.പി.സി.സി.അദ്ധ്യക്ഷൻ കെ.സുധാകരനും മുൻ കെ.പി.സി.സി അംഗവും നിലവിൽ ആശുപത്രി പ്രസിഡന്റുമായ മമ്പറം ദിവാകരനും തമ്മിലുള്ള നേർക്കുനേർ പോരാട്ടമാണ് ഇവിടെ നടക്കുന്നത്.

ചങ്കിലെ ചോര കൊടുത്തും ആശുപത്രി ഭരണം നിലനിർത്തുമെന്ന മമ്പറം ദിവാകരന്റെ പ്രഖ്യാപനം വന്നതോടെ മത്സരത്തിന് തീവ്രസ്വഭാവം കൈവന്നിട്ടുണ്ട്. . സഹകരണ മെഡിക്കൽ കോളജാക്കി ഉയർത്താനുള്ള പ്രവർത്തനങ്ങൾക്ക് പ്രവാസി വ്യവസായികളുടെയും, വൈദ്യശാസ്ത്ര വിദഗ്ധരുടെയും എല്ലാ വിഭാഗം ജനങ്ങളുടെയും സഹായം വേണമെന്നും കേവലം പാർട്ടിക്കാരുടെ മാത്രം സഹകരണം മതിയാകില്ലെന്നുമാണ് മമ്പറത്തിന്റെ വാദം.അന്ധമായ രാഷ്ട്രീയം സഹകരണ മേഖലയ്ക്ക് അഭികാമ്യമല്ലെന്നും അതിനനുസരിച്ചുള്ള പാനലാണ് താൻ മുന്നോട്ട് വെച്ചിട്ടുള്ളതെന്നും അദ്ദേഹം പറയുന്നു.
നഗരസഭാ തെരഞ്ഞെടുപ്പിനെ ഓർമ്മിപ്പിക്കുന്ന പ്രചാരണമാണ് തലശ്ശേരി നഗരത്തിൽ. ബോർഡുകളും ബാനറുകളുമെല്ലാമുണ്ട്. വോട്ടർമാരെ നേരിൽ കാണാൻ ഇരു വിഭാഗങ്ങളും ഇറങ്ങി. മമ്പറത്തെ പ്രസിഡന്റാക്കിയത് പാർട്ടിയാണെന്നും പാർട്ടിക്കും മീതെ പറക്കാനുള്ള നീക്കം അനുവദിക്കില്ലെന്നും ഇന്ദിരാഗാന്ധിയുടെ പേരിലുള്ള സ്ഥാപനത്തെ സി.പി.എമ്മിന്റെ വരുതിയിൽ കൊണ്ടുവരാൻ അനുവദിക്കില്ലെന്നുമാണ് ഔദ്യോഗിക പക്ഷത്തിന്റെ നിലപാട്. മമ്പറം ഹയർ സെക്കൻഡറി സ്‌കൂളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.

മമ്പറത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതും തുടർന്നുള്ള അദ്ദേഹത്തിന്റെ വെളിപ്പെടുത്തലുകളും തിരിച്ചറിയൽ കാർഡ് വിതരണത്തിനിടെയുണ്ടായ കൈയേറ്റവുമൊക്കെയായി തിരഞ്ഞെടുപ്പ് ജീവന്മരണ പോരാട്ടമായി മാറിയിട്ടുണ്ട്.

പുറത്തായിട്ടും കോൺഗ്രസുകാരനായി മമ്പറം
പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്ന് ഔദ്യോഗിക പക്ഷം പറയുമ്പോഴും മരിക്കുംവരെ താൻ കോൺഗ്രസുകാരനായിരിക്കുമെന്ന് മമ്പറം പ്രഖ്യാപിച്ചിരുന്നു. നോമിനേഷന് മുമ്പ് ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി സംസാരിച്ചിരുന്നുവെന്നും അദ്ദേഹം .പറഞ്ഞിട്ടുണ്ട്. സ്വതന്ത്രമായ തെരഞ്ഞെടുപ്പ് നടത്താൻ നടപടികളുണ്ടാവണമെന്നാവശ്യപ്പെട്ട് മമ്പറം ദിവാകരൻ ഹൈക്കോടതിയെ സമീപിച്ചിട്ടുമുണ്ട്.