കൂത്തുപറമ്പ്: ദേശീയ സീനിയർ വനിതാ ഫുട്‌ബാൾ ചാമ്പ്യൻഷിപ്പിൽ മണിപ്പൂർ, അസം ടീമുകൾ ക്വാർട്ടർ ഫൈനലിൽ കടന്നു. ഹിമാചൽ പ്രദേശിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് അസമിന്റെ ക്വാർട്ടർ പ്രവേശനം. ആറ് ദിവസങ്ങളായി കൂത്തുപറമ്പ് നഗരസഭാ സ്റ്റേഡിയത്തിൽ നടന്ന ചാമ്പ്യൻഷിപ്പിന്റെ ആദ്യ റൗണ്ട് മത്സരങ്ങൾ പൂർത്തിയായപ്പോഴാണ് മണിപ്പൂർ, അസം ടീമുകൾ ക്വാർട്ടർ ഫൈനലിൽ കടന്നത്.

ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു അസമിന്റെ തകർപ്പൻ വിജയം. വൈകിട്ട് രാജസ്ഥാനും ബീഹാറും തമ്മിൽ നടന്ന മത്സരം സമനിലയിൽ പിരിഞ്ഞു. ഇരുടീമുകളും രണ്ട് ഗോളുകൾ വീതം നേടിയായിരുന്നു സമനിലയിലെത്തിയത്. സമനില പാലിച്ചെങ്കിലും ബീഹാർ, രാജസ്ഥാൻ ഉൾപ്പെടെയുള്ള ടീമുകൾ ടൂർണ്ണമെന്റിൽ നിന്നും പുറത്തായി. ഞായറാഴ്ച രാവിലെ 9.30ന് നടക്കുന്ന ക്വാർട്ടർ ഫൈനലിൽ മണിപ്പൂർ, അസം ടീമുകൾ തമ്മിലാണ് ഏറ്റുമുട്ടുക.