പഴയങ്ങാടി: കല്യാശ്ശേരി മണ്ഡലത്തിലെ മലനാട് -മലബാർ റിവർ ക്രൂയിസ് ടൂറിസം ഉൾപ്പടെയുള്ള ടൂറിസം പദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കും. എം. വിജിൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ മാടായി റെസ്റ്റ് ഹൗസിൽ ചേർന്ന ടൂറിസം പ്രവൃത്തികളുടെ അവലോകന യോഗത്തിലാണ് പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ തീരുമാനമായത്.
റിവർ ക്രൂയിസ് ടൂറിസം പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിൽ 30 കോടി രൂപയുടെ പ്രവൃത്തിയാണ് പുരോഗമിക്കുന്നത്. പട്ടുവം, മുതുകുട, തെക്കുമ്പാട്, മടക്കര, താവം, മാട്ടൂൽ നോർത്ത്, മാട്ടൂൽ സൗത്ത്, വാടിക്കൽ, പഴങ്ങോട്, മുട്ടിൽ ഉൾപ്പെടെ 10 ബോട്ട് ടെർമിനൽ പ്രവൃത്തികൾ പുരോഗമിക്കുകയാണ്. പഴയങ്ങാടി ബോട്ട് ടെർമിനൽ പ്രവൃത്തി നേരത്തെ പൂർത്തീകരിച്ചു.
പ്രവൃത്തികൾ സമബന്ധിതമായി വേഗത്തിൽ പൂർത്തീകരിക്കുന്നതിന് എം.എൽ.എ ഉൾനാടൻ ജലഗതാഗത വകുപ്പിന് നിർദേശം നൽകി. പദ്ധതിയുടെ അനുബന്ധമായി വിഭാവനം ചെയ്ത മംഗലശ്ശേരി, പഴയങ്ങാടി ബോട്ട് റെയ്സ് പവലിയൻ, ഫ്ലോട്ടിംസ് റസ്റ്റോറന്റ്, കോട്ടക്കീൽ കടവിലെ ഫുഡ് കോർട്ട്, ഏറുമാടം, തെക്കുമ്പാട് ടൂറിസം പദ്ധതി ഉൾപ്പടെയുള്ള പദ്ധതികൾക്ക് സി.ആർ.സെഡ്ഡ് അനുമതി ലഭ്യമാക്കാൻ നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു.
യോഗത്തിൽ ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ടി.വി പ്രശാന്ത്, ഉൾനാടൻ ജലഗതാഗത വകുപ്പ് അസി. എക്സി എൻജിനീയർമാരായ സിന്ധു തൈവളപ്പിൽ, എ. അനൂപ്, ഡി.ടി.പി.സി മാനേജർ കെ.സജീവൻ, ആർകിടെക്ട് മധുകുമാർ, പ്രൊജക്ട് എൻജിനീയർ എം.വി നസീഹ നിലൂഫർ, സിൽക്ക് പ്രൊജക്ട് എൻജിനീയർ എം.ആർ രജീഷ് എന്നിവർ പങ്കെടുത്തു.
1.65 കോടിയുടെ
സാഹസിക ടൂറിസം
ചൂട്ടാട് ബീച്ച് സാഹസിക ടൂറിസം പദ്ധതി 1.65 കോടിയുടെ പ്രവൃത്തി പുരോഗമിക്കുന്നതായി യോഗം വിലയിരുത്തി. ചൂടാട് ബീച്ച് പാർക്കിനെയും ചിൽഡ്രൻസ് പാർക്കിനെയും ബന്ധിപ്പിക്കുന്ന 2 കോടി രൂപ അനുവദിച്ച പദ്ധതിക്ക് സി.ആർ.സെഡ്ഡ് അനുമതി ലഭ്യമാക്കാൻ നടപടി സ്വീകരിക്കും.
സുൽത്താൻ കനാൽ നവീകരണ പ്രവൃത്തി വേഗത്തിൽ പൂർത്തിയാക്കണമെന്ന് എം.എൽ.എ നിർദ്ദേശം നൽകി