aiyf

കണ്ണൂർ: സി.പി.ഐ യുവജനസംഘടനയായ എ.ഐ. വൈ. എഫിന്റെ സംസ്ഥാന സമ്മേളനത്തിൽ സി.പി. എമ്മിനെതിരെ പരോക്ഷ വിമർശനം.രാഷ്ട്രീയ കൊലപാതകങ്ങളിൽ പ്രതി ചേർക്കപ്പെടുന്നവർക്ക് നിയമസാമ്പത്തികസംരക്ഷണങ്ങളൊന്നും രാഷ്ട്രീയ നേതൃത്വങ്ങൾ ഒരുക്കികൊടുക്കരുതെന്നും സംസ്ഥാന സമ്മേളനം അംഗീകരിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടു. രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിപ്പിക്കാൻ രാഷ്ട്രീയ നേതൃത്വത്തിന്റെ ഇടപെടൽ അനിവാര്യമാണെന്ന് സംസ്ഥാന സമ്മേളനം അംഗീകരിച്ച പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. ഇടക്കാലത്ത് കേരളത്തിൽ രാഷ്ട്രീയ കൊലപാതകങ്ങൾക്ക് അൽപം ശമനം ഉണ്ടായിരുന്നു. എന്നാൽ തിരുവല്ലയിലെ സിപി. എം ലോക്കൽ സെക്രട്ടറി പി പി സന്ദീപ് കുമാർ ആർ.എസ്.എസ് അക്രമത്തിൽ കൊല്ലപ്പെട്ട വാർത്തയും അതോടൊപ്പം പെരിയ ഇരട്ടകൊലപാതകത്തിൽ ഉത്തരവാദപ്പെട്ട രാഷ്ട്രീയ പാർട്ടിയുടെ ഉന്നത നേതാക്കൾ പ്രതിചേർക്കപ്പെട്ട വിവരങ്ങളും പുറത്ത് വന്നിരിക്കുകയാണ്.

തിരുവനന്തപുരം റയിൽവേ റിക്രൂട്ട്‌മെന്റ് നിർത്തലാക്കാനുള്ള തീരുമാനം പിൻവലിക്കുക, ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പേരിൽ നടത്തുന്ന പണപ്പിരിവുകളെ നിയന്ത്രിക്കാൻ നിയമനിർമ്മാണം നടത്തുക, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ലിംഗപരമായ വേർതിരിവ് അവസാനിപ്പിക്കാൻ നിയമനിർമ്മാണം നടത്തുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം പ്രമേയങ്ങളിലൂടെ ഉന്നയിച്ചു.

വീര്യം ചോർന്ന് ഡി.വൈ.എഫ്.ഐ

ഡി.വൈ. എഫ്. ഐക്കെതിരെ പ്രവർത്തന റിപ്പോർട്ടിൽ വിമർശനമുണ്ടായി. സമരസംഘടന എന്ന നിലയിൽ തീവ്രത നഷ്ടപ്പെട്ടിരിക്കയാണ് ഡി. വൈ. എഫ്. ഐക്ക്. സാന്ത്വനരാഷ്ട്രീയമാണ് ഇപ്പോൾ ഡി. വൈ. എഫ്. ഐ നടത്തിക്കൊണ്ടിരിക്കുന്നത്. എ. ഐ. വൈ. എഫിന്റെ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്താനും ഇവർ മുന്നിലാണ്. യോജിച്ച മുന്നേറ്റം പോലും ഇതുകാരണം ദുർബലപ്പെട്ടു കൊണ്ടിരിക്കയാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.