
കണ്ണൂർ: ലോകപ്രശസ്ത സാമ്പത്തിക ശാസ്‌ത്രജ്ഞയായ ഗീതാ ഗോപിനാഥിനെ ആഗോള സമ്പദ് വ്യവസ്ഥയെ നിയന്ത്രിക്കുന്ന ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിന്റെ (ഐ.എം.എഫ്) ഫസ്റ്റ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ പദവി തേടിയെത്തിയപ്പോൾ,അത് മകൾക്കുള്ള അമ്പതാം പിറന്നാൾ സമ്മാനമായി കാണാനാണ് മാതാപിതാക്കളായ ഗോപിനാഥിനും വിജയലക്ഷ്മിയ്ക്കും ഇഷ്ടം. ഡിസംബർ എട്ടിനാണ് പിറന്നാൾ. ഐ. എം.എഫിന്റെ ചീഫ് ഇക്കണോമിസ്റ്റായ ഗീത ഈ സ്ഥാനത്തെത്തുന്ന ആദ്യ മലയാളിയാണ്. തസ്തിക ഫസ്റ്റ് ഡെപ്യൂട്ടി എം.ഡി എന്നാണെങ്കിലും പ്രധാന ചുമതലയാണ്.
ജനുവരി 21ന് ചുമതലയേൽക്കും. അഞ്ച് വർഷത്തേക്കാണ് നിയമനം. 190 രാഷ്ട്രങ്ങൾ അംഗങ്ങളായ ഐ.എം.എഫിൽ ഈ സ്ഥാനത്ത് വരാൻ എത്രയോ അമേരിക്കക്കാരുണ്ട്. എന്നിട്ടും മകളെ പരിഗണിച്ചത് മികവ് കൊണ്ടാണ്. കൊവിഡ് കാലത്ത് അവളുടെ നേതൃത്വത്തിൽ നടന്ന ഇടപെടൽ വിദേശമാദ്ധ്യമങ്ങളടക്കം പ്രശംസിച്ചിരുന്നു. ദരിദ്രരാജ്യങ്ങളുടെ ഉന്നമനമായിരുന്നു ലക്ഷ്യം. ആഫ്രിക്കയിലെയും മറ്റും രാജ്യങ്ങൾക്ക് ഉൾപ്പെടെ വാക്‌സിനും മറ്റുമെത്തിക്കാൻ മകൾ മുന്നിൽ നിന്നു. അനുയോജ്യയായ വ്യക്തിയെന്നാണ് ഐ.എം.എഫ് എം.ഡി മകളെ വിശേഷിപ്പിച്ചത്.
'ബുള്ളറ്റ് പ്രൂഫ് കാറും ഡ്രൈവറും സെക്രട്ടറിയും ഒക്കെയായി അവൾക്ക് മാത്രമായി ഇരുന്നൂറോളം സ്റ്റാഫുമുണ്ടാകും. ഈ പദവിയെ പറ്റി കഴിഞ്ഞ മാസം സൂചിപ്പിച്ചിരുന്നു. വെല്ലുവിളിയായി ഏറ്റെടുക്കാൻ ഞാൻ പറഞ്ഞു. തീരുമാനം വന്ന ശേഷം വെള്ളിയാഴ്ചയും വിളിച്ചിരുന്നു.11ന് ഡൽഹിയിലെത്തുന്ന ഗീത 18ന് മൈസൂരിൽ ഞങ്ങളുടെ അനുഗ്രഹം വാങ്ങാൻ വരുന്നുണ്ട്. ഫിനാൻസ് മാനേജ്മെന്റിലും ക്രൈസിസ് മാനേജ്മെന്റിലും ഗീത മിടുക്കിയാണ്, - ഗോപിനാഥ് പറയുന്നു.
 കണ്ണൂരിനും അഭിമാനം
ഗീതാ ഗോപിനാഥിന്റെ പദവി കണ്ണൂരിനും അഭിമാനമാണ്. മയ്യിൽ തന്നശ്ശേരി വീട്ടിൽ ടി.വി. ഗോപിനാഥിന്റെയും കുറ്റ്യാട്ടൂർ സ്വദേശി വി.സി. വിജയലക്ഷ്മിയുടെയും ഇളയ മകളായ ഗീത കൊൽക്കത്തയിലാണ് ജനിച്ചത്. ഇപ്പോൾ അമേരിക്കൻ പൗരയാണ്. ഉഷാ ശ്രീറാം ഗ്രൂപ്പ് ജനറൽ മാനേജരായി വിരമിച്ച ഗോപിനാഥും കുടുംബവും തോട്ടവും കൃഷിയുമായി മൈസൂരുവിൽ താമസമാക്കി. എം.ഐ.ടിയിലെ പോവർട്ടി ലാബിൽ എക്സിക്യൂട്ടീവ് ഡയറക്ടറായ സഹപാഠിയും സുഹൃത്തുമായ ഇക് ബാൽ സിംഗ് ദലിവാളാണ് ഗീതയുടെ ഭർത്താവ്. മകൻ രോഹിൽ ഹാർവാർഡ് സർവകലാശാലയിൽ ബിരുദ വിദ്യാർത്ഥിയാണ്. ഡൽഹിയിൽ എൻജിനിയറായ അനിത സഹോദരിയാണ്.
മൈസൂരിലെ സ്‌കൂൾ വിദ്യാർത്ഥി
 മൈസുരുവിൽ സ്കൂൾ പഠനം
 ഡൽഹി ലേഡി ശ്രീറാം കോളേജിൽ നിന്ന് ബി.എ ഓണേഴ്സ് ഒന്നാം റാങ്ക്
 ഡൽഹി സ്‌കൂൾ ഒഫ് ഇക്കണോമിക്‌സിൽ നിന്ന് എം.എ
 വാഷിംഗ്ടൺ സർവകലാശാലയിൽ നിന്ന് എം.എസ്
 പ്രിൻസ്റ്റൺ സർവകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ്
 2016 -18ൽ മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവ്