കണ്ണർ: സമാന്തര കോടതിയായി പ്രവർത്തിക്കേണ്ട ഒന്നല്ല വനിതാ കമ്മീഷനെന്ന് വനിതാ കമ്മീഷൻ അദ്ധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. കണ്ണൂർ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന വനിതാ കമ്മീഷൻ അദാലത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. കമ്മീഷന്റെ മുമ്പിലെത്തുന്ന പരാതികളിൽ പലതും കമ്മീഷന്റെ പരിധിയിൽ വരുന്നതല്ല. ഏറേയും സ്വത്ത് തർക്കങ്ങളാണ്. സിവിൽ കോടതികളുടെ പരിഗണനയിൽ ഇരിക്കുന്ന കേസുകൾ പോലും വനിതാ കമ്മിഷനിൽ പരാതിയായി എത്തുന്നുണ്ട്.

സ്ത്രീകൾക്ക് ലിംഗനീതി ഉറപ്പു വരുത്തുന്നതിനും പീഡനങ്ങൾ ഇല്ലാതാക്കുന്നതിനുമുള്ള ഇടപെടലുകളാണ് കമ്മീഷൻ ഉദ്ദേശിക്കുന്നത്. ജില്ലയിൽ സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങളെകുറിച്ചുള്ള പരാതികൾ മറ്റു ജില്ലകളെ അപേക്ഷിച്ച് കുറവാണ്.

കമ്മീഷൻ അംഗം ഇ.എം രാധയും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.

ആകെ 67 കേസുകളാണ് അദാലത്തിൽ പരിഗണിച്ചത്. 32 എണ്ണം തീർപ്പാക്കി. ഏഴെണ്ണത്തിൽ പൊലീസിന്റെ റിപ്പോർട്ട് തേടി. 28 എണ്ണം അടുത്ത അദാലത്തിലേക്ക് മാറ്റിവച്ചു. ലീഗൽ പാനൽ അംഗങ്ങളായ അഡ്വ. പത്മജ പത്മനാഭൻ, അഡ്വ. കെ.എം പ്രമീള, അഡ്വ. വിമലകുമാരി, അഡ്വ.പി.എം ഭാസുരി തുടങ്ങിയവരും പങ്കെടുത്തു.