തലശ്ശേരി: തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ഭരണ സമിതിയിലുള്ള തിരഞ്ഞെടുപ്പ് മമ്പറം ഇന്ദിരാഗാന്ധി പബ്ലിക് സ്‌കൂളിൽ ഇന്ന് നടക്കും. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് സ്‌കൂൾ പരിസരത്തും മമ്പറം ടൗണിലും കനത്ത പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.
ആശുപത്രിയുടെ ഇരുവരെയുള്ള ചരിത്രത്തിൽ നടക്കുന്ന ഏറ്റവും വാശിയേറിയ തിരഞ്ഞെടുപ്പാണിത്. രാവിലെ പത്തിന് ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകിട്ട് നാലിന് അവസാനിക്കും.നാലിനു ശേഷവും വോട്ടർമാരുടെ ക്യൂ ഉണ്ടെങ്കിൽ പ്രത്യേകം പാസ് നൽകിയ ശേഷം വോട്ടെടുപ്പ് തുടരും. ആറ് ബൂത്തുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. 38 ഉദ്യോഗസ്ഥരെയാണ് തിരഞ്ഞെടുപ്പ് ജോലിക്കായി നിയമിച്ചിട്ടുള്ളത്. സഹകരണ ആശുപത്രി ഭരണ സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് ഫലം കേരള രാഷ്ട്രീയത്തിൽ പുതിയ ചലനങ്ങൾക്കു തുടക്കം കുറിക്കും.
തിരഞ്ഞെടുപ്പു ഫലം യു.ഡി.എഫ് പാനലിന് അനുകൂലമായാൽ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ കൂടുതൽ കരുത്തനായി മാറും. മമ്പറം ദിവാകരന്റെ പാനലാണ് വിജയം നേടുന്നതെങ്കിൽ കോൺഗ്രസിലെ സുധാകര വിരുദ്ധർ കൂടുതൽ ശക്തരാകും. എന്തായാലും ഇന്ന് രാത്രിയോടെ പുറത്തു വരുമെന്നു പ്രതീക്ഷിക്കുന്ന തിരഞ്ഞെടുപ്പ് ഫലം കേരള രാഷ്ട്രീയത്തിൽ തന്നെ വരും ദിവസങ്ങളിൽ സജീവ ചർച്ചയ്ക്ക് വഴിയൊരുക്കും.
സഹകരണ ആശുപത്രി ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പിൽ വിജയത്തെ കുറിച്ച് ഒരു ആശങ്കയുമില്ല. സമാധാനപരമായി തിരഞ്ഞെടുപ്പ് നടക്കും. സഹകരണ ആശുപത്രി പിടിച്ചെടുക്കാനുള്ള നീക്കം ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല.
മമ്പറം ദിവാകരൻ
ഡി.സി.സി നേതൃത്വം എന്ത് വിട്ടു വീഴ്ചക്കും തയാറായിട്ടും ഒരു തരത്തിലുള്ള മദ്ധ്യസ്ഥ ശ്രമത്തിനും നിൽക്കാതിരുന്ന മമ്പറത്തിന്റെ നിലപാട് ശരിയല്ല. വിജയം ഔദ്യോഗികപക്ഷത്തിന് തന്നെയെന്ന കാര്യത്തിൽ ആശങ്കയില്ല. കോൺഗ്രസ് ഒരു പാനൽ മുന്നോട്ട് വച്ചാൽ അതിനൊപ്പം നിൽക്കുകയാണ് യഥാർത്ഥ പ്രവർത്തകൻ ചെയ്യേണ്ടത്.
മാർട്ടിൻ ജോർജ് , ഡി.സി.സി പ്രസിഡന്റ് കണ്ണൂർ