ചെറുപുഴ: രാജഗിരി ഇടക്കോളനിയിൽ വീണ്ടും കാട്ടാനകൾ കൃഷി നശിപ്പിക്കുന്നു. ചെറുപുഴ പഞ്ചായത്തിലെ എട്ടാം വാർഡിൽപ്പെട്ട രാജഗിരി ഇടക്കോളനിയ്ക്കു സമീപം കർണാടക വനാതിർത്തിയിൽ മാസങ്ങളായി കാട്ടാനകൾ തമ്പടിച്ചു ഭീതി പരത്തുകയാണ്. കേരള - കർണാടക അതിർത്തിയിൽ സ്ഥാപിച്ച വൈദ്യുത വേലി കർണാടക വനത്തിലെ മരം വീണു തകർന്നിരിക്കുകയാണ്. ഈ ഭാഗത്തു കൂടിയാണ് കാട്ടാനക്കൂട്ടം രാജഗിരി ഇടക്കോളനിയിലേക്ക് പ്രവേശിക്കുന്നത്.
കാട്ടാനകൾ കമുക്, തെങ്ങ്, വാഴ തുടങ്ങിയ കൃഷികളാണ് നശിപ്പിക്കുന്നത്. കോളനിയിലെ പകുതിയിലേറെ കൃഷികളും കാട്ടാനകൾ ഇതിനകം നശിപ്പിച്ചു കഴിഞ്ഞു. ഇതോടെ പലരും കൃഷികൾ തന്നെ ഉപേക്ഷിച്ച സ്ഥിതിയാണ്. വീടുകളുടെ തൊട്ടടുത്ത് വരെ കാട്ടാനകൾ എത്തുന്നുണ്ട്. ഇവയെ പേടിച്ച് വീട്ടിനുള്ളിൽ ഉറങ്ങാൻ പോലും സാധിക്കുന്നില്ലെന്നാണ് കോളനിക്കാർ പറയുന്നത്.
വൈദ്യുത വേലി തകർന്ന് കിടക്കുന്നതാണ് കാട്ടാനകൾ കൃഷിയിടത്തിൽ കടക്കാൻ കാരണം. അധികൃതർ പല പ്രാവശ്യം വന്ന് പോയെങ്കിലും തകർന്നു കിടക്കുന്ന വൈദ്യുതവേലി പുനർ നിർമിക്കാൻ നടപടിയുണ്ടായില്ല.
മഴ പെയ്താൽ ആനയെത്തും
മഴ പെയ്യുന്ന ദിവസങ്ങളിൽ എല്ലാം കാട്ടാനകൾ കോളനിയിലെത്തും. കഴിഞ്ഞദിവസം രാത്രി തറയിൽ തോമസിന്റെയും, തറയിൽ ഷാജിയുടെയും പറമ്പിൽ വ്യാപക നാശം വരുത്തി. 30 ഓളം തൈ കമുകുകളും 10 ലേറെ വലിയ കമുകുകളും ഒറ്റരാത്രി കൊണ്ടു നശിപ്പിച്ചു. ഇതിനിടയിൽ കാര്യങ്കോട് പുഴയിൽ ഇടവരമ്പ് ഭാഗത്ത് കാട്ടാനക്കൂട്ടം ഒരാഴ്ചയ്ക്കിടയിൽ രണ്ടു തവണ ഇറങ്ങിയത് പ്രദേശവാസികളെ ആശങ്കയിലാക്കിയിരിക്കുകയാണ്.
തകർന്ന വൈദ്യുത വേലി പുനഃസ്ഥാപിക്കാനെങ്കിലും നടപടി സ്വീകരിക്കണം. മഴ മാറി പുഴയിൽ വെള്ളം കുറഞ്ഞാൽ പുഴ കടന്ന് ആനക്കൂട്ടം കൃഷിയിടങ്ങളിലെത്തുമോയെന്ന ഭീതിയും നിലനിൽക്കുന്നു.
കർഷകർ